Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം ശക്തമായി; മീൻപിടിത്തക്കാർക്കു മുന്നറിയിപ്പ്

fishing-boat

തിരുവനന്തപുരം∙ കന്യാകുമാരിക്കും ശ്രീലങ്കയ്ക്കുമിടയിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടതോടെ 14 വരെ ഈ മേഖലയിൽ മൽസ്യബന്ധനം നടത്തരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ന്യൂനമർദം 24 മണിക്കൂറിനകം ശക്തിപ്പെടാനും മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. മൂന്നു മീറ്ററിലേറെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ട്.

കന്യാകുമാരിക്കു തെക്കും ശ്രീലങ്കയ്ക്കു പടിഞ്ഞാറുമായിട്ടാണു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇതു ശക്തമായി പടിഞ്ഞാറ്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നാണു പുതിയ നിഗമനം. അങ്ങനെ വന്നാൽ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ ന്യൂനമർദം കടന്നുപോകും. കേരളത്തിൽ നിന്നുള്ളവർ പതിവായി മൽസ്യബന്ധനം നടത്തുന്ന മേഖലയാണിത്. കേരള തീരത്തിനടുത്തു കടൽ പ്രക്ഷുബ്ധമായേക്കും. ലക്ഷദ്വീപിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

തെക്കൻകേരളത്തിലും തമിഴ്നാട്ടിലും ഇന്നും നാളെയും മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലയിൽ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജില്ലാ പെ‌ാലീസ് മേധാവിമാർക്കും തീര പൊലീസിനും നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങാൻ സജ്ജരായിരിക്കാൻ പൊലീസിനു നിർദേശം നൽകി. അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നും പൊലീസിന്റെ ക്രമീകരണങ്ങളോടു സഹകരിക്കണമെന്നും ജനങ്ങളോടു ഡിജിപി അഭ്യർഥിച്ചു. 

കാലാവസ്ഥാ വകുപ്പ് പിന്നെയും ‘ഉറങ്ങി’

തിരുവനന്തപുരം∙ ശ്രീലങ്കയ്ക്കടുത്തു ശക്തമായ ന്യൂനമർദം രൂപപ്പെട്ടതു കാലാവസ്ഥാ വകുപ്പ് കേരളത്തെ കൃത്യസമയത്ത് അറിയിച്ചില്ല. തമിഴ്നാട്ടിലെ മൽസ്യബന്ധന തൊഴിലാളികൾക്കു ശനിയാഴ്ച തന്നെ ജാഗ്രതാ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും കേരളത്തെ ഒഴിവാക്കി. സംസ്ഥാന സർക്കാർ അറിയിച്ച ശേഷമാണു കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ശ്രീലങ്കയ്ക്കടുത്തു ന്യൂനമർദം രൂപംകൊണ്ടതു ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതർ വിവരം അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനെ അറിയിച്ചു. അദ്ദേഹം കാലാവസ്ഥാ വകുപ്പിനു വിവരം കൈമാറിയ ശേഷം ശനിയാഴ്ച രാത്രിയാണു മുന്നറിയിപ്പു പ്രസിദ്ധീകരിച്ചത്.

ദേശീയ ചുഴലിക്കാറ്റ് മുന്നറിയിപ്പു കേന്ദ്രം ന്യൂനമർദത്തെക്കുറിച്ചുള്ള വിവരം ഇന്നലെ ഉച്ചയോടെ മാത്രമാണു പുറപ്പെടുവിച്ചത്. കഴിഞ്ഞ നവംബറിൽ ഓഖി ചുഴലിക്കാറ്റിനു കാരണമായ ന്യൂനമർദം രൂപപ്പെട്ട അതേ മേഖലയിലാണ് ഇപ്പോഴത്തെയും സംഭവവികാസം. എങ്കിലും ഇതുവരെയുള്ള സൂചനകൾ ചുഴലിക്കാറ്റിന്റെ സാധ്യത നൽകുന്നില്ലെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.