Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം: ഉന്നത യോഗം ചേർന്നു; മുൻകരുതൽ നടപടി ശക്തമാക്കും

sea

തിരുവനന്തപുരം∙ കന്യാകുമാരിക്കു തെക്കു ഭാഗത്തു രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടി ശക്തമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. ശനിയാഴ്ച രാത്രി മുന്നറിയിപ്പുണ്ടായപ്പോൾ സ്വീകരിച്ച മുൻകരുതൽ നടപടികൾ ഫലപ്രദമാണെന്നു യോഗം വിലയിരുത്തി. ‌

കലക്ടർമാരും റവന്യു-ഫിഷറീസ് വകുപ്പുകൾ, തീര പൊലീസ് എന്നിവരും ഉണർന്നു പ്രവർത്തിച്ചു. മത്സ്യത്തൊഴിലാളി മേഖലയിൽ സന്ദേശമെത്തിക്കാൻ വിവിധ സംഘടനകൾ, മതപുരോഹിതർ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവരുടെ സേവനം കൂടി ഉപയോഗിച്ചു. പരമാവധി ആളുകളെ കടലിൽ പോകുന്നതിൽ നിന്നു തടയാൻ കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ സന്ദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് എത്തിക്കാൻ വിവിധ വകുപ്പുകൾക്കു യോഗം നിർദേശം നൽകി. നേരത്തേ കടലിൽ മീൻപിടിക്കാൻ പോയവർക്കു മുന്നറിയിപ്പു സന്ദേശങ്ങൾ എത്തിക്കണമെന്നും നിർദേശം നൽകി. ശ്രീലങ്കയ്ക്കു പടിഞ്ഞാറും ലക്ഷദ്വീപിനു കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറും ഉള്ള തെക്കൻ ഇന്ത്യൻ കടലിൽ മത്സ്യബന്ധനം പാടില്ലെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.