പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികളെ സിപിഐ എതിർക്കും: കാനം

കോഴിക്കോട് ∙ ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്ന വൈദ്യുത പദ്ധതികളെ സിപിഐ എതിർക്കുമെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ജലവൈദ്യുത പദ്ധതികൾക്കു പിന്നാലെ മാത്രം പോവാതെ പുതിയ ഊർജ സ്രോതസ്സുകൾ കണ്ടെത്തുകയാണു ചെയ്യേണ്ടത്. അതിരപ്പിള്ളിക്കുവേണ്ടി ഇതുവരെ സർക്കാർ ചെലവഴിച്ച തുകയെത്രയെന്നു പരിശോധിക്കണം. പദ്ധതിയിൽ സിപിഐക്കുള്ള വിയോജിപ്പിൽ മാറ്റമില്ല. കേരള ഇലക്ട്രിസിറ്റി ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കമ്യൂണിസ്റ്റുകാർ പരിസ്ഥിതി സംരക്ഷകരാണ്. പ്രകൃതിയെ ചൂഷണം ചെയ്യരുതെന്നാണു മാർക്സ് ഉൾപ്പെടെ പറഞ്ഞത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജീവിതത്തിലുണ്ടാക്കുന്ന മാറ്റമാണു യഥാർഥ വികസനം. 

കേരളത്തിന്റെ വൈദ്യുതി മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സാമൂഹിക ബാധ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ചു ലാഭേച്ഛയോടെയാണു പ്രവർത്തിക്കുന്നതെന്നും കാനം പറഞ്ഞു.

എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സിപിഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എം.പി. ഗോപകുമാർ, പി. ബാലകൃഷ്ണപ്പിള്ള, ടി. സജീന്ദ്രൻ, കെ.വി. സൂരി, പി. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷനായിരുന്നു. ടി. ശ്രീഹരി, സിപിഐ അസി. സെക്രട്ടറി സത്യൻ മൊകേരി, കെ.ജി. മധുകുമാർ എന്നിവർ പ്രസംഗിച്ചു.