ആശുപത്രി ജീവനക്കാരുടെ വേതനം: 30 പേർ അഭിപ്രായം അറിയിച്ചു

തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ ആദ്യ ഹിയറിങ്ങിൽ മുപ്പതോളം പേർ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചു. ചെയർമാൻ പി.കെ.ഗുരുദാസന്റെ അധ്യക്ഷതയിൽ നടന്ന ഹിയറിങ്ങിൽ ട്രേഡ് യൂണിയൻ പ്രതിനിധികളും വിവിധ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരും പങ്കെടുത്തു.

പ്രത്യേക ഫോറത്തിലാണ് അഭിപ്രായങ്ങൾ എഴുതിവാങ്ങിയത്. നേരത്തെ അഭിപ്രായങ്ങൾ അറിയിച്ചവരെ മാത്രമേ ഹിയറിങ്ങിനു ക്ഷണിച്ചിരുന്നുള്ളൂ. 16ന് എറണാകുളത്തും, 17നു തിരുവനന്തപുരത്തും നടത്തുന്ന ഹിയറിങ്ങിൽ ആശുപത്രി മാനേജ്്മെന്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നു ഗുരുദാസൻ പറഞ്ഞു. അതിനുശേഷം തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. 31ന് അകം ശമ്പളം പുതുക്കി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ നഴ്സുമാരുടെ സംഘടനകൾക്കു നൽകിയ ഉറപ്പ്.