വീരേന്ദ്ര കുമാറിന് 49 കോടിയുടെ സ്വത്ത്; ബാബുപ്രസാദിന്റെ ആസ്തി 28 ലക്ഷം

തിരുവനന്തപുരം∙ ഇടതു സ്വതന്ത്രനായി രാജ്യസഭയിലേക്കു മൽസരിക്കുന്ന എം.പി.വീരേന്ദ്രകുമാറിനും ഭാര്യയ്ക്കുമായി 49.15 കോടി രൂപയുടെ സ്വത്ത്. യുഡിഎഫ് സ്ഥാനാർഥി ബാബു പ്രസാദിനു 27.94 ലക്ഷം രൂപയുടെ സ്വത്തുണ്ട്. നാമനിർദേശ പത്രികയ്ക്കൊപ്പം ഇരുവരും വരണാധികാരിക്കു നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം.

വീരേന്ദ്രകുമാറിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കയ്യിൽ 5000 രൂപയുമാണുള്ളത്. ഇരുവരുടെയും പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി സ്ഥിരം നിക്ഷേപം, കമ്പനികളിൽ ഓഹരി, വാഹനം, 25 പവൻ സ്വർണം എന്നിവയുമുണ്ട്. വീരേന്ദ്രകുമാറിന്റെ പേരിലെ സ്ഥിരം നിക്ഷേപത്തിനും മറ്റ് ആസ്തികൾക്കും 3.76 കോടി രൂപയുടെ മൂല്യവും ഭാര്യ ഉഷയുടെ പേരിൽ 27.78 ലക്ഷം രൂപയുമുണ്ട്. ഇതിനു പുറമെ ഇരുവരുടെയും പേരിൽ 170 ഏക്കർ സ്ഥലം, വാണിജ്യ കെട്ടിടങ്ങൾ, വീടുകൾ എന്നിവയുൾപ്പെടെയാണു 49.15 കോടിയുടെ ആസ്തി. രണ്ടു പേർക്കുമായി 1.98 കോടിയുടെ വായ്പയുമുണ്ട്.

ബാബു പ്രസാദിന്റെ കൈവശം 2000 രൂപയാണുള്ളത്. ഒരു കാർ, സ്കൂട്ടർ എന്നിവയ്ക്കു പുറമെ 18.42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം, 52,000 രൂപയുടെ സ്വർണം എന്നിവയടക്കമാണ് 27.94 ലക്ഷം രൂപയുടെ സ്വത്ത്. 14.24 ലക്ഷം രൂപയുടെ വായ്പയും ബാബു പ്രസാദിന്റെ പേരിലുണ്ട്. ഇരുവരുടെയും പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം സ്വീകരിച്ചു. നാളെയാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.