കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമം: കുമ്മനം

തിരുവനന്തപുരം∙ പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിലും ബാറുകൾ അനുവദിക്കാനുള്ള സർക്കാർ നടപടി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കഴി‍ഞ്ഞ തിരഞ്ഞെടുപ്പു സമയത്ത് ബാർഹോട്ടൽ മുതലാളിമാരിൽനിന്നു കിട്ടിയ സഹായത്തിനു പ്രത്യുപകാരമാണ് ഇടതുമുന്നണിയുടെ തീരുമാനം.

ബാർ അഴിമതിയുമായി ബന്ധപ്പെട്ടു കെ.എം.മാണിക്കെതിരെ ആരോപണം ഉന്നയിക്കാൻ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ ഇതിനോടു കൂട്ടിവായിക്കണം. ബാറുകളല്ല, സ്കൂളുകളാണു തുറക്കാൻ പോകുന്നതെന്നു വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സർക്കാരാണിത്. സുപ്രീംകോടതി വിധിയുടെ പേര് പറഞ്ഞു നാടുമുഴുവൻ ബാറുകൾ തുറക്കാനുള്ള നീക്കത്തിൽനിന്ന് ഇടതുമുന്നണി പിൻമാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.