പെയിന്റിങ് ജോലിക്കിറങ്ങാൻ കുടുംബശ്രീ: സ്ത്രീകൂട്ടായ്മ രൂപീകരിക്കും

തിരുവനന്തപുരം∙ കെട്ടിടങ്ങൾ നിർമിച്ചു വിജയിച്ച കുടുംബശ്രീ പ്രവർത്തകർ, അവയ്ക്കു നിറച്ചാർത്തും നൽകും. എറണാകുളം ജില്ലയിൽ രൂപീകരിച്ച നിറക്കൂട്ട് പെയിന്റിങ് യൂണിറ്റിന്റെ വിജയം വിലയിരുത്തിയാണു സംസ്ഥാനത്താകെ പെയിന്റിങ് ജോലിക്കിറങ്ങാൻ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിക്കുന്നത്. രണ്ടുവർഷം മുൻപ് എറണാകുളത്ത് ആരംഭിച്ച യൂണിറ്റ് ഇരുപതോളം ഫ്ലാറ്റുകൾ പെയിന്റ് ചെയ്ത് 25 ലക്ഷം രൂപ വരുമാനം നേടി. 

കോട്ടയം ജില്ലയിൽ പുതിയ യൂണിറ്റുകൾ തുടങ്ങുന്നതിനു ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പെയിന്റിങ് ജോലികളും നിറക്കൂട്ടിനു ലഭിക്കും. 

ലൈഫ് മിഷന്റെ ഭവനപദ്ധതിയിൽ സംസ്ഥാനത്തു രണ്ടുലക്ഷത്തോളം വീടുകളാണു നിർമിക്കുന്നത്. ഇവയുടെ നിർമാണം പൂർത്തിയാകുമ്പോൾ പെയിന്റിങ് ജോലി കുടുംബശ്രീക്കു നൽകും. രണ്ടുമാസത്തെ തീവ്രപരിശീലനം നൽകിയാണു ജോലിക്കു സജ്ജരാക്കുന്നത്. ദിവസം ആയിരം രൂപയോളം ശമ്പളം ലഭിക്കും. സൈറ്റുകൾ നേരിൽ കണ്ട് അളവെടുക്കുന്നതും ക്വട്ടേഷൻ നൽകുന്നതുമെല്ലാം യൂണിറ്റ് അംഗങ്ങളാണ്. ബഹുനിലക്കെട്ടിടങ്ങളുടെ ജോലി ഏറ്റെടുക്കുമ്പോൾ പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായം തേടും.