ആംബുലൻസിൽ ഛർദിച്ച രോഗിയെ തിരിച്ചിറക്കി ഡ്രൈവർ മുങ്ങി

തൊടുപുഴ ∙ രോഗി ആംബുലൻസിൽ ഛർദിച്ചതിന് തിരിച്ചിറക്കി ആശുപത്രി വരാന്തയിൽ കിടത്തിയശേഷം ഡ്രൈവർ സ്ഥലംവിട്ടു. അരമണിക്കൂറിനുശേഷം മറ്റൊരു ആംബുലൻസിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്കു തൊടുപുഴയിലാണു സംഭവം.

വീടിനു മുകളിൽ നിന്നു വീണു പരുക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാനാണു ബന്ധുക്കൾ ആംബുലൻസ് വിളിച്ചത്. അര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും രോഗി ആംബുലൻസിൽ ഛർദിച്ചു. തുടർന്ന് ഡ്രൈവർ ആംബുലൻസ് തൊടുപുഴയിലേക്കു തിരിച്ചുവിട്ടു.

രോഗിയെ ആശുപത്രിയിലെ വരാന്തയിൽ സ്ട്രെച്ചറിൽ കിടത്തിയ ശേഷം വാഹനം കഴുകാനെന്നു പറഞ്ഞു പുറത്തേക്കു പോയി. അരമണിക്കൂർ കഴിഞ്ഞും കാണാതെ അന്വേഷിച്ചപ്പോൾ രോഗി വാഹനത്തിൽ ഇനിയും ഛർദിക്കുമെന്നും അതിനാൽ താൻ കൊണ്ടുപോകില്ലെന്നും ഡ്രൈവർ വാശിപിടിച്ചു. ഇതോടെ വാക്കേറ്റമായി. പിന്നീട്, തൊടുപുഴയിൽനിന്ന് വേറൊരു ആംബുലൻസ് വരുത്തിയാണു രോഗിയെ കോലഞ്ചേരിയിലെത്തിച്ചത്. സംഭവത്തിൽ പരാതിനൽകാൻ ബന്ധുക്കൾ തയാറായില്ല.