കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി: പഠിക്കാൻ വിദഗ്ധസമിതി

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കാരം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിച്ചു. വരുമാനം കുറയാതെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയും സിംഗിൾ ഡ്യൂട്ടി രീതിയിലേക്കു മാറ്റാൻ കഴിയുന്ന ഷെഡ്യൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ 15 ദിവസത്തിനകം ഡിപ്പോ അധികൃതർ അറിയിക്കണം. രണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതു പരിശോധിച്ച് അംഗീകാരം നൽകും. 

ജീവനക്കാരുടെ സംഘടനകളുമായി കെഎസ്ആർടിസി എംഡി: എ.ഹേമചന്ദ്രൻ നടത്തിയ ചർച്ചയിലാണു തീരുമാനം. വിദഗ്ധസമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാനാണു മാനേജ്മെന്റ് ആലോചിക്കുന്നത്. 40 ശതമാനത്തോളം ഓർഡിനറി ബസുകൾ സിംഗിൾ ഡ്യൂട്ടിയിലേക്കു മാറ്റാൻ കഴിയുമെന്നാണു കണക്കുകൂട്ടൽ. മെച്ചപ്പെട്ട വരുമാനമുള്ള ചില ഓർഡിനറി, ചെയിൻ സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതു പ്രായോഗികമല്ലെന്ന വിലയിരുത്തലാണു ചർച്ചയിൽ ഉയർന്നത്. 

എട്ടുമണിക്കൂർ സിംഗിൾഡ്യൂട്ടിയിൽ ഏഴുമണിക്കൂർ ബസ് ഓടിക്കണമെന്നു മാനേജ്‌മെന്റ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, വിശ്രമം ഉൾപ്പെടെ ഒന്നര മണിക്കൂർ ഒഴിവാക്കി ആറര മണിക്കൂറായി നിശ്ചയിക്കണമെന്ന സംഘടനകളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചില്ല.  

ദീർഘദൂര ബസുകളിൽ ഡ്രൈവർമാർ തുടർച്ചയായി ജോലിചെയ്യുന്നതു കർശനമായി അവസാനിപ്പിക്കാൻ ജീവനക്കാരുടെ സംഘടനകളുമായി കെഎസ്ആർടിസി എംഡി: എ.ഹേമചന്ദ്രൻ നടത്തിയ ചർച്ചയിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കും. ഡ്യൂട്ടി സമയം തീരുന്ന മുറയക്ക് ദീർഘദൂര ബസുകളിൽ ജീവനക്കാർ മാറും. ഇതിനായി ബന്ധപ്പെട്ട സ്‌റ്റേഷനുകളിൽ ജീവനക്കാർക്കു വിശ്രമസൗകര്യം ഒരുക്കുമെന്നും എംഡി അറിയിച്ചു. കോഴിക്കോട്–ബെംഗളൂരു റൂട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും വിശ്രമമില്ലാതെ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ വാർത്ത മനോരമ ന്യൂസ് അടുത്തിടെ പുറത്തുകൊണ്ടുവന്നിരുന്നു.