റൂറൽ ടൈഗർ ഫോഴ്സ് പിരിച്ചുവിട്ടു

കൊച്ചി∙ വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതിക്കൂട്ടിലായ പൊലീസിന്റെ റൂറൽ െടെഗർ ഫോഴ്സ് (ആർടിഎഫ്) എന്ന സ്ക്വാഡിനെ പിരിച്ചുവിട്ടു. ഇത്തരം പ്രത്യേക സ്ക്വാഡുകളുടെ ചട്ടവിരുദ്ധപ്രവർത്തനങ്ങൾ ഇന്റലിജൻസ് മുൻപ് റിപ്പോർട്ടു ചെയ്തിരുന്നു.

കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നു പിടിച്ചുകൊണ്ടുപോയതു സ്ക്വാഡിലെ പൊലീസുകാരാണ്. അപ്പോൾ തന്നെ മർദനം തുടങ്ങിയതായി ശ്രീജിത്തിന്റെ അമ്മയും ബന്ധുക്കളും മൊഴി നൽകിയിരുന്നു. തുടർന്നു സ്ക്വാഡിലെ മൂന്നുപേരെ സസ്പെൻഡു ചെയ്തിരുന്നു.

റൂറൽ എസ്പി എ.വി. ജോർജിന്റെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്. സ്ക്വാഡിൽ അംഗങ്ങളായ മുഴുവൻ പൊലീസുകാരോടും എആർ ക്യാംപിലേക്കു മടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ചട്ടവിരുദ്ധമായി സ്ക്വാഡ് രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്ത എസ്പിക്കും കസ്റ്റഡി മരണത്തിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എസ്പിയെ തൽസ്ഥാനത്ത് നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം സത്യസന്ധമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശിക സംഘർഷത്തിലാണു ശ്രീജിത്തിനു പരുക്കേറ്റതെന്നു പൊലീസ് സമർഥിക്കാൻ ശ്രമിക്കുമ്പോഴും ചികിൽസിച്ച ഡോക്ടർമാരുടെ മൊഴിയുമായി ഇതു പൊരുത്തപ്പെടുന്നില്ലെന്നാണു സൂചന. പൊലീസ് പിടികൂടിയ ശേഷമുണ്ടായ ക്ഷതങ്ങളെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും ഉൗന്നൽ. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്.