ഐപിഎസ് പട്ടിക വീണ്ടും മടക്കി; നാല് എസ്പിമാരെ ഒഴിവാക്കണമെന്നു കേന്ദ്രം

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് അയച്ച 2016 ലെ ഐപിഎസ് പട്ടികയിൽ നിന്നു നാല് എസ്പിമാരെ ഒഴിവാക്കണമെന്നു നിർദേശിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) പട്ടിക വീണ്ടും തിരിച്ചയച്ചു. ഇവരെ ഒഴിവാക്കണമെന്നും 32 എസ്പിമാരിൽ 20 പേരുടെ അപേക്ഷകളിലെ ന്യൂനത പരിഹരിക്കണമെന്നും നിർദേശിച്ചു പട്ടിക കഴിഞ്ഞമാസം യുപിഎസ്‍സി മടക്കിയിരുന്നു.

എന്നാൽ ആരെയും ഒഴിവാക്കാതെയും ന്യൂനത പൂർണമായി പരിഹരിക്കാതെയും മാർച്ച് 24 നു പട്ടിക വീണ്ടും അയച്ചു. ഇതാണ് യുപിഎസ്‍സിയെ ഇപ്പോൾ ചൊടിപ്പിച്ചത്. സംസ്ഥാനവും കേന്ദ്രവും കത്തുകളിലൂടെ കൊമ്പുകോർക്കുന്നതിനിടെ ഒരു വർഷം മുൻപേ ഐപിഎസ് ലഭിക്കേണ്ട 13 എസ്പിമാരുടെ സ്വപ്നങ്ങൾ ത്രിശങ്കുവിലായി. എസ്പിമാരായ പി.വി.ചാക്കോ, പി.കൃഷ്ണകുമാർ, കെ.സതീശൻ, ബേബി ഏബ്രഹാം എന്നിവരെ ഒഴിവാക്കാനാണു നിർദേശം.

സർവീസിൽ നിന്നു വിരമിച്ച ഇവരെ ഉൾപ്പെടുത്താൻ അനുകൂലമായി കോടതിവിധിയില്ല. ഉത്തരവിറങ്ങിയ വർഷം ഇവർ സർവീസിലുണ്ടായിരുന്നതായി സംസ്ഥാന സർക്കാരിന്റെ കത്തും ഹാജരാക്കിയില്ല. അതിനാലാണു പട്ടികയിൽ യഥാക്രമം 24, 25, 26, 31 സ്ഥാനങ്ങളിലുള്ള ഇവരെ ഒഴിവാക്കാൻ കഴിഞ്ഞ മാസം നിർദേശം വന്നത്. എന്നാൽ ഇതുചെയ്യാതെ പട്ടിക വീണ്ടും കൈമാറി. അപ്പോഴാണ് ഇവരെ ഒഴിവാക്കണമെന്ന കർശന നിർദേശത്തോടെ ഒരാഴ്ച മുൻപ് പട്ടിക വീണ്ടും മടക്കിയത്.

അവസാനം അയച്ച പട്ടികയിലും രണ്ട് എസ്പിമാരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഉണ്ടായിരുന്നില്ല. ഇതു കാണാനില്ലെന്നാണു സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചത്. അങ്ങനെയെങ്കിൽ ഈ റിപ്പോർട്ട് കാണാനില്ലെന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കാൻ യുപിഎസ്‍സി നിർദേശിച്ചു.

2016 ലെ ഒഴിവുള്ള 13 ഐപിഎസ് തസ്തികകളിലേക്കു സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് 32 എസ്പിമാരുടെ പേരുകൾ അയച്ചത്. ഇതിൽ രണ്ടു പേർ ക്രിമിനൽ കേസ് പ്രതികളാണെന്നതു മറച്ചുവച്ചു. അതേസമയം 13 പേർക്ക് ഐപിഎസ് ലഭിച്ചാൽ നിയമിക്കാൻ വേണ്ടത്ര ഒഴിവില്ലെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ വാദം.

നേരത്തെ എസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ച ചിലരെ ഡിവൈഎസ്പിമാരായി തരംതാഴ്ത്തേണ്ടി വരും. അതിനാൽ ഐപിഎസ് ലഭിക്കുന്നതു സെക്രട്ടേറിയറ്റിലെ ചിലർ മനപ്പൂർവം വൈകിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ അടുത്തമാസം ഏതാനും എസ്പിമാർ വിരമിക്കുമ്പോൾ ഐപിഎസ് ലഭിക്കുന്നവരെ നിയമിക്കാൻ ഒഴിവുണ്ടാകുമെന്നാണു സർക്കാർ കണക്കുകൂട്ടൽ. 

പട്ടികയിൽ ഉൾ‌പ്പെട്ട എസ്പിമാർ

ടി.എ.സലീം, എ.കെ.ജമാലുദീൻ, യു.അബ്ദുൽ കരീം, കെ.എം.ആന്റണി, ജെ.സുകുമാരപിള്ള, ടി.എസ്.സേവ്യർ, പി.എസ്.സാബു, സി.കെ.രാമചന്ദ്രൻ, കെ.പി.വിജയകുമാരൻ, കെ.എസ്.വിമൽ, ജയിംസ് ജോസഫ്, കെ.എം.ടോമി, പി.കെ.മധു, ആർ.സുകേശൻ, എ.അനിൽകുമാർ, കെ.ബി.രവി, ഇ.കെ.സാബു, എസ്.രാജേന്ദ്രൻ, സി.ബി.രാജീവ്, സി.എഫ്.റോബർട്ട്, കെ.എസ്.സുരേഷ് കുമാർ, തമ്പി എസ്.ദുർഗാദത്ത്, രതീഷ് കൃഷ്ണൻ, പി.വി.ചാക്കോ, പി.കൃഷ്ണകുമാർ, കെ.സതീശൻ, ടോമി സെബാസ്റ്റ്യൻ, എൻ.വിജയകുമാർ, കെ.രാജേന്ദ്രൻ, എ.ആർ.പ്രേംകുമാർ, ബേബി ഏബ്രഹാം, ടി.രാമചന്ദ്രൻ. ഇതിൽ ഉൾപ്പെടേണ്ടിയിരുന്ന ജയകുമാർ നേരത്തെ സ്വയം വിരമിച്ചു.