കെഎസ്ആർടിസിയെ ‘ചങ്ക്’ ആക്കിയ നായിക ഇന്ന് തലസ്ഥാനത്ത്

ഈരാറ്റുപേട്ട∙ കെഎസ്ആർടിസിയെ ചങ്ക് ആക്കി മാറ്റിയ കോളജ് വിദ്യാർഥിനി ഇന്ന് പ്രത്യക്ഷപ്പെട്ടേക്കും. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ പെൺകുട്ടിയും കുടുംബവും ഇന്നു തിരുവനന്തപുരത്ത് ഓഫിസിലെത്തി സന്ദർശിക്കുമെന്നാണ് വിവരം. 

ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് ഈ പെൺകുട്ടി വാർത്തയിൽ വന്നത്. ഈ ഫോൺ വിളി സമൂഹ മാധ്യമങ്ങളിൽ വന്നതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു. 

ഫോൺ‌ വിളി വാർത്തയായതോടെ പെൺകുട്ടിയും കുടുംബവും ആശങ്കയിലായെന്നും ജനങ്ങളുടെയും കെഎസ്ആർടിസി ജീവനക്കാരുടെയും മറ്റും പ്രതികരണം എന്താകുമെന്ന സംശയത്താലാണ് ഇതുവരെയും ഇവർ പുറത്തു വരാതിരുന്നതെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.