മൃതദേഹം ലിഗയുടേതെന്നു തന്നെ; ഇനി ഫൊറൻസിക് ഫലം നിർണായകം

ലിഗയും സഹോദരി ഇലീസും

തിരുവനന്തപുരം∙ കോവളത്തിനടുത്തു വാഴമുട്ടത്തു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതെന്നു ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.

കൊലപാതകത്തിനും ആത്മഹത്യയ്ക്കും സാധ്യതയുള്ളതിനാൽ രണ്ടു വശവും സൂക്ഷ്മമായി വിലയിരുത്തിയുള്ള അന്വേഷണമാണു പൊലീസ് നടത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനാ ഫലവും ഇന്നു ലഭിക്കുമെന്നാണു പൊലീസ് കരുതുന്നത്. പരിസരവാസികളായ പലരെയും ഈ ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണു പലരും പറയുന്നത്. കേസിൽ സാക്ഷിയാകേണ്ടി വരുമോയെന്ന ഭയമാണു പരിസരവാസികളിൽ പലർക്കുമുള്ളത്. സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗ പരിശീലകനായ ഒരു വ്യക്തി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബീച്ചിലെ അനധികൃത ഗൈഡുകളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധയിലാണു മ‍ൃതദേഹം ലിഗയുടേതാണെന്നു തെളിഞ്ഞത്. സഹോദരി ഇലീസിന്റെ രക്തവുമായി താരതമ്യം ചെയ്തുള്ള പരിശോധനയിലാണ് ഇതു തെളിഞ്ഞത്. നേരത്തേ ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രുവും മൃതദേഹം ലിഗയുടേതാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഇനി അറിയേണ്ടതു മരണകാരണമാണ്. ശ്വാസം മുട്ടിയാകാം മരിച്ചതെന്നു ഫൊറൻസിക് വിദഗ്ധർ പൊലീസിനെ വാക്കാൽ അറിയിച്ചിട്ടുണ്ട്. രേഖാമൂലം റിപ്പോർട്ട് നൽകിയിട്ടില്ല. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരൂ.

വാഴമുട്ടത്തെ ആളൊഴിഞ്ഞ കായൽപ്രദേശത്തു ലിഗ ഒറ്റയ്ക്കല്ല എത്തിയതെന്ന നിഗമനത്തിലാണു പൊലീസ്. വിദേശ വനിതകളെ യോഗയുടെ പേരിൽ പാട്ടിലാക്കുന്ന അംഗീകാരമില്ലാത്ത ചില ഗൈഡുകളെ കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ ചിലർ ലിഗയെ കാണാതായതിനു ശേഷം ഇവിടെ നിന്നു വിട്ടുനിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചു. സ്ഥിരമായി ജാക്കറ്റ് ഉപയോഗിക്കുന്ന യോഗ പരിശീലകനായ ഒരു ഗൈഡ് കഴിഞ്ഞ രണ്ടു ദിവസമായി സ്ഥലത്തുണ്ടായിരുന്നില്ല. ഇയാളെയാണു കസ്റ്റഡിയിലെടുത്തു രാവിലെ മുതൽ ചോദ്യം ചെയ്യുന്നത്. ലിഗയുടെ മൃതദേഹത്തിനു സമീപത്തു നിന്ന് ഒരു ജാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു. കോവളം, തിരുവല്ലം ഭാഗത്തെ ചില ചീട്ടുകളി സംഘങ്ങൾ, ലഹരിമരുന്നു വിൽപനക്കാർ എന്നിവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലരെ ഒന്നിലേറെ തവണ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 

സത്യം അറിയുന്നതു വരെ ഇന്ത്യ വിടില്ല: ഇലീസ്

ലിഗയുടെ മരണം സംബന്ധിച്ച സത്യം പുറത്തു വരുന്നതു വരെ ഇന്ത്യ വിടില്ലെന്നു സഹോദരി ഇലീസ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ കണ്ടശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. ലിഗയുടെ മരണത്തെക്കുറിച്ചുള്ള സംശയങ്ങളും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വരുത്തിയ വീഴ്ചയെക്കുറിച്ചുള്ള പരാതിയും പങ്കിടാനായിരുന്നു കൂടിക്കാഴ്ച. ഇതുവരെയുള്ള അന്വേഷണ പുരോഗതി ബെഹ്റ ഇലീസിനെ അറിയിച്ചു. നേരത്തേ പരാതി പറയാനെത്തിയപ്പോൾ ഡിജിപി അപമാനിച്ചതായി ഇവർക്കൊപ്പമുണ്ടായിരുന്ന സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ആരോപിച്ചിരുന്നു.