മീശപ്പൊലീസിന്റെ കാലം കഴിഞ്ഞു: സ്പീക്കർ

കണ്ണൂർ∙ മുഷ്ടി ചുരുട്ടിയും മീശപിരിച്ചും ആളുകളെ വിരട്ടിയും കൈകാര്യം ചെയ്യുന്ന പൊലീസിന്റെ കാലഘട്ടം മാറിയതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ രീതികളിൽ മാറ്റം വന്നിട്ടുണ്ടെന്നു മനസ്സിലാക്കണം. ജനത്തിന് ആത്മവിശ്വാസം പകരാൻ പൊലീസിനു കഴിയണം. ലോക്കൽ നേതാവിനെ കൂട്ടാതെ ഒറ്റയ്ക്കു പൊലീസ് സ്റ്റേഷനിൽ ചെന്നു കാര്യം പറയാനുള്ള ധൈര്യം ജനങ്ങൾക്കുണ്ടാക്കണമെന്നും സ്പീക്കർ പറഞ്ഞു.