കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ഇനി ‘ഫുഡ് സ്റ്റോപ്’

തിരുവനന്തപുരം∙ കെഎസ്ആർടിസി ദീർഘദൂര ബസുകൾ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ഹോട്ടലുകളിൽനിന്നു കമ്മിഷൻ ഇനി കോർപറേഷൻ നേരിട്ടു വാങ്ങും. ‘ഫുഡ് സ്റ്റോപ്പു’കളാകാൻ താൽപര്യമുള്ള ഹോട്ടലുകൾ നിശ്ചയിക്കാൻ കെഎസ്ആർടിസി ഉടൻ ടെൻഡർ വിളിക്കും.

ആദ്യഘട്ടത്തിൽ ഒരു ബസിന് 500 രൂപയെങ്കിലും ഫുഡ് സ്റ്റോപ് ഫീസ് ആയി ലഭിക്കുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിലേക്കുൾപ്പെടെ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പതിവായി ഭക്ഷണം കഴിക്കാൻ നിർത്തുന്ന ഹോട്ടലുകളിൽനിന്നു കമ്മിഷൻ സൗജന്യ ഭക്ഷണത്തിന്റെ രൂപത്തിൽ ഇപ്പോൾ ജീവനക്കാർക്കാണു ലഭിക്കുന്നത്. ഇതിനോട് എതിർപ്പില്ലെങ്കിലും സാമ്പത്തികപ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന കോർപറേഷന് ഇതു വരുമാനമാർഗമാക്കാമെന്നാണു മാനേജ്മെന്റിന്റെ കണ്ടെത്തൽ.

കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ഫുഡ് സ്റ്റോപ് പരിപാടി നേരത്തേ വിജയകരമായി നടപ്പാക്കി. ഒരു ബസിന് 1000 രൂപയോളം ഈടാക്കുന്ന സ്റ്റേറ്റ് കോർപറേഷനുകളുണ്ടെന്നും കെഎസ്ആർടിസി വൃത്തങ്ങൾ പറയുന്നു. തുടർന്നാണു വിവിധ റൂട്ടുകളിൽ ഫുഡ് സ്റ്റോപ്പുകളാകാൻ താൽപര്യമുള്ള ഹോട്ടലുകളെ കണ്ടെത്താൻ ടെൻഡർ വിളിക്കാനുള്ള തീരുമാനം. ഒരു വർഷത്തെ കാലാവധിയിലാണു ഹോട്ടലുകളെ തിരഞ്ഞെടുക്കുക.