Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്കീർത്തി സംരക്ഷണവും ന്യായവിചാരണയും മൗലികാവകാശത്തിന്റെ ഭാഗം: െഹെക്കോടതി

കൊച്ചി ∙ സോളർ അന്വേഷണ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും വിവാദ പരാമർശങ്ങളും നീക്കിയ ഹൈക്കോടതി നടപടി സത്കീർത്തിക്കും ന്യായവിചാരണയ്ക്കുമുള്ള വ്യക്തികളുടെ മൗലികാവകാശം മുൻനിർത്തി. കത്തിലെ  ആരോപണങ്ങൾ കമ്മിഷന്റെ പരിഗണനാവിഷയങ്ങളുടെ ഭാഗമാകാത്തതിനാൽ ഉമ്മൻ ചാണ്ടിക്കും മറ്റും കമ്മിഷൻ നിയമപ്രകാരം നൽകിയ എട്ട്‌ ബി നോട്ടിസിൽ അതു വിഷയമായിരുന്നില്ലെന്നു കോടതി വിലയിരുത്തി. 

സഭയ്ക്കുള്ളിലും പുറത്തുമുയർന്ന ആരോപണങ്ങളെക്കുറിച്ചുള്ള ആദ്യ പരിഗണനാവിഷയത്തിന്റെ ഭാഗമെന്നോണമാണു സരിതയുടെ കത്തും മറ്റും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 1,072 പേജുള്ള നാലു വാല്യം റിപ്പോർട്ടിന്റെ ആദ്യ മൂന്നോളം വാല്യങ്ങൾ ആദ്യവിഷയത്തെക്കുറിച്ചാണു പറയുന്നത്. ഈ ഭാഗത്താണു സരിതയുടെ കത്തും മറ്റും ചർച്ച ചെയ്യുന്നത്. 

സരിത എസ്. നായർ 2013 ജൂലൈ 19ന് എഴുതിയതായി പറയപ്പെടുന്ന കത്ത് കമ്മിഷനു മുന്നിലെത്തുന്നത് 2016 ജൂൺ ആറിനാണ്. അതിനും മുൻപ്, 2015 ജൂലൈ ഒൻപതിനാണ് ഹർജിക്കാർക്ക് 8 ബി വകുപ്പനുസരിച്ചു കമ്മിഷൻ നോട്ടിസ് അയച്ചത്. അതിനാൽ കത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ ഹർജിക്കാർ അറിഞ്ഞിരുന്നില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്നു കോടതി പറഞ്ഞു.  

സരിതയുടെ കത്ത് കമ്മിഷൻ ഉമ്മൻ ചാണ്ടിക്ക് അയച്ചുകൊടുത്തിട്ടുണ്ടെങ്കിലും നിയമപരമായി അതു മതിയാവില്ല. കത്തിന്റെ മൗലികതയും നിജസ്ഥിതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  ഏകാംഗ അന്വേഷണ കമ്മിഷനായ റിട്ട. ഹൈക്കോടതി ജഡ്ജി നടത്തുന്ന നിഗമനങ്ങൾക്കു പൊതുജനം വില കൽപിക്കുമെന്നതിനാൽ മാധ്യമങ്ങളിലുൾപ്പെടെ ചർച്ച ചെയ്യപ്പെടും. 

മൗലികാവകാശങ്ങളുടെ മേലുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഒഴിവാക്കണം. വ്യക്തിയുടെ സത്കീർത്തി സംരക്ഷിക്കുകയെന്നതും സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ്. സർക്കാരിന്റെ സ്വേച്ഛാപരമായ നടപടികളിൽനിന്നു മാത്രമല്ല, വ്യക്തികളുടെയും മാധ്യമങ്ങളുടെയും നടപടികളിൽ നിന്നു സംരക്ഷണം നൽകുന്നതാണതെന്നു കോടതി വ്യക്തമാക്കി. സരിത എസ്. നായർ ഉൾപ്പെടെയുള്ളവർ കേസിൽ കക്ഷിചേരാനെത്തിയെങ്കിലും കോടതി അനുവദിച്ചില്ല.

‘കമ്മിഷൻ പ്രത്യേക നോട്ടിസ് അയയ്ക്കേണ്ടതായിരുന്നു’

കൊച്ചി ∙ സരിതയുടെ കത്ത് ഉമ്മൻ ചാണ്ടിയുടെ സത്കീർത്തിയെ ബാധിക്കുന്ന വിഷയമായതിനാൽ അന്വേഷണ കമ്മിഷൻ നിയമത്തിലെ 8 ബി വ്യവസ്ഥപ്രകാരം പ്രത്യേക നോട്ടിസ് നൽകേണ്ടതായിരുന്നുവെന്ന് െഹെക്കോടതി ചൂണ്ടിക്കാട്ടി. ആദ്യപരിഗണനാ വിഷയത്തിന്റെ ഭാഗമായി കമ്മിഷൻ എടുത്തുപറയുന്ന ആരോപണങ്ങളിൽ ലൈംഗികാരോപണങ്ങൾ ഉൾപ്പെട്ടിരുന്നില്ല. 

കോടതിവിധിയിൽ  നിന്ന്: 

∙ സരിതയുടെ 2013 ജൂലൈ 19ലെ കത്തുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കമ്മിഷൻ റിപ്പോർട്ടിലും പത്രക്കുറിപ്പിലും നിന്നു നീക്കിയതിനാൽ ഇതെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വിലക്കിയ ‘ഗാഗ് ഓർഡർ’ ഇനി ആവശ്യമില്ല, ഒഴിവാക്കുന്നു. 

∙ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട മുൻകൂർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നും ചർച്ചയോ അഭിപ്രായ രൂപീകരണമോ ഉണ്ടായില്ലെന്നും ഹർജിക്കാർ വാദിക്കുന്നത് അനുവദിക്കാനാവില്ല. കമ്മിഷനെ നിയമിച്ച സർക്കാരിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നു ഹർജിക്കാർ. ഇരുവരും കമ്മിഷൻ നടപടികളോടു സഹകരിച്ചു. 

2013 ഓഗസ്റ്റ് 16 ലെ മന്ത്രിസഭാ യോഗത്തിലാണു കമ്മിഷനെ നിയമിക്കാൻ തീരുമാനിച്ചതെന്നു ഫയലുകളിൽ കാണാം. 2013 ഒക്ടോബർ പത്തിലെ മന്ത്രിസഭാ യോഗത്തിലാണു പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചത്. 

∙ ക്രിമിനൽ കേസിന് ആധാരമായ വിഷയങ്ങളിൽ കമ്മിഷൻ സമാന്തര അന്വേഷണം നടത്തിയെന്നു പറയാനാവില്ല. സഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പരിഗണനാ വിഷയം വിലയിരുത്തിയാൽ, അന്വേഷണത്തിലും കുറ്റപത്രത്തിലും ഉന്നത രാഷ്ട്രീയക്കാരെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണമാണ് അന്വേഷണ വിഷയമെന്നു കാണാം. ക്രിമിനൽ കേസ് ഈ വിഷയത്തിൽ അല്ലാത്തതിനാൽ കമ്മിഷൻ നടപടി സമാന്തര അന്വേഷണമാവില്ല.