ദേശസാൽകൃത റൂട്ടിൽ സ്വകാര്യ ബസിന് കൂടുതൽ ദൂരം അനുവദിക്കാനാവില്ല: സുപ്രീംകോടതി

ന്യൂഡൽഹി∙ കെഎസ്‍ആർടിസി സർവീസ് നടത്തുന്ന ദേശസാൽകൃത റൂട്ടുകളിൽ അനുവദനീയ ദൂരപരിധിക്കപ്പുറം സ്വകാര്യ ബസ് സർവീസ് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. അങ്കമാലി – പെരുമ്പാവൂർ റൂട്ടിൽ സ്വകാര്യ ബസിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അനുവദിച്ച താൽക്കാലിക പെർമിറ്റ് റദ്ദാക്കാനും ജസ്റ്റിസ് കുര്യൻ‍ ജോസഫ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.

സ്വകാര്യ ബസുടമകൾക്ക് അനുകൂലമായി സംസ്ഥാന ഗതാഗത അപ്‌ലെറ്റ് ട്രൈബ്യൂണൽ (എസ്ടിഎടി) നൽകിയ ഉത്തരവും അതു ശരിവച്ച ഹൈക്കോടതി ഉത്തരവും ചോദ്യം ചെയ്ത് കെഎസ്‍ആർടിസി നൽകിയ ഹർജിയിലാണ് വിധി. ബസ് റൂട്ടുകൾ സംബന്ധിച്ച് 2009 ജൂലൈ 14ന് സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത സ്കീം കോടതി ശരിവച്ചു.

പെല്ലിശേരി – അങ്കമാലി – പെരുമ്പാവൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസിനു താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ പി.പി.ബേബിയെന്നയാൾ നൽകിയ അപേക്ഷ റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തള്ളി. കോട്ടയം – കോഴിക്കോട് ദേശസാൽകൃത റൂട്ടിലെ 13 കിലോമീറ്റർ ഉൾപ്പെടെ 28 കിലോമീറ്ററിനാണ് അപേക്ഷയെന്നും അത് അനുവദനീയ പരിധിയിൽ കൂടുതലാണെന്നും (അഞ്ചു കിലോമീറ്റർ അല്ലെങ്കിൽ മൊത്തം റൂട്ടിന്റെ അഞ്ചു ശതമാനം) വ്യക്തമാക്കിയായിരുന്നു ആർടിഎയുടെ നടപടി. ഇതിനെതിരെയുള്ള അപ്പീലാണ് എസ്ടിഎടി അനുവദിച്ചത്. അതു ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണ് കെഎസ്‍ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്.

ദേശസാൽകൃതവും അല്ലാത്തതുമായ റൂട്ടുകൾ ബന്ധിപ്പിച്ച് പുതിയ റൂട്ടുകളുണ്ടാക്കി താൽക്കാലിക പെർമിറ്റ് അനുവദിക്കാനാവില്ലെന്നും താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ ആർടിഎയ്ക്ക് അധികാരമുണ്ടെന്ന എസ്ടിഎടി നിലപാട് സർക്കാരിന്റെ സ്കീമിനെ അട്ടിമറിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. യാത്രക്കാർക്കുള്ള അസൗകര്യം കണക്കിലെടുത്തെന്ന പേരിൽ നിരോധിത റൂട്ടുകളിലോ അവയുടെ ഏതാനും ഭാഗങ്ങളിലോ സർവീസ് നടത്താനുള്ള സ്വകാര്യ ബസുകാരുടെ ശ്രമവും സ്കീമിനെ അട്ടിമറിക്കുന്നതാണെന്നും കോടതി പറഞ്ഞു. കെഎസ്‍ആർടിസിക്കുവേണ്ടി വി.ഗിരിയും ദീപക് പ്രകാശും എതിർ‍കക്ഷിക്കുവേണ്ടി ആർ.ബസന്തും ഹാജരായി.