നേതാക്കൾ പാലായിലെത്തി, മഞ്ഞുരുകി; ചെങ്ങന്നൂരിൽ മാണി യു‍ഡിഎഫിനൊപ്പം

പാലാ∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനം. ഇന്നു രാവിലെ പത്തരയ്ക്കു കെ.എം. മാണിയുടെ പാലായിലെ വസതിയിൽ ചേരുന്ന പാർട്ടി ഉപസമിതി യോഗത്തിനു ശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വരുംദിവസങ്ങളിൽ ചെങ്ങന്നൂരിൽ ‍യുഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ മാണി പങ്കെടുക്കുമെന്നാണു സൂചന.

യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ ഇന്നലെ വൈകിട്ട് കെ.എം.മാണിയെ വീട്ടിലെത്തി കണ്ടതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണു മാണിയെ സന്ദർശിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ജോസ് കെ.മാണി എംപിയും പങ്കെടുത്തു.

കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരികെ വരണമെന്നു നേതാക്കൾ അഭ്യർഥിച്ചു. കെ.എം.മാണി തിരികെ വരണമെന്ന് യുഡിഎഫ് ഒന്നടങ്കം യോഗം ചേർന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു. യു‍ഡിഎഫ് നേതാക്കൾ സമവായ ചർച്ചയ്ക്കെത്തിയതു പ്രധാനപ്പെട്ട കാര്യമാണെന്നും ഇന്നു ചേരുന്ന യോഗത്തിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു.