കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കു 10 ലക്ഷം

തിരുവനന്തപുരം∙ സംസ്ഥാനത്തു കടൽക്ഷോഭത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്കു 10 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടൽക്ഷോഭം മൂലം ഏപ്രിൽ മുതൽ തകർന്ന വീടുകൾക്കു ധനസഹായം ലഭിക്കും. 25,000 രൂപ ആദ്യ ഗഡുവായി നൽകും. കടലിനോടു ചേർന്നുള്ള വീടുകളാണു തകർന്നത് എന്നതിനാൽ ഇവർ പുതിയ സ്ഥലം കണ്ടെത്തി അവിടേക്കു മാറുന്നതാണു നല്ലതെന്നു മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സ്ഥലം കണ്ടെത്തിയാൽ മൂന്നു മുതൽ അഞ്ചു സെന്റുവരെ വാങ്ങുന്നതിന് 5.75 ലക്ഷം രൂപയും വീടു നിർമിക്കാൻ നാലു ലക്ഷം രൂപയും നൽകും. വീടിനുള്ള തുക രണ്ടു ഗഡുക്കളായാണു നൽകുക. കടൽക്ഷോഭ ബാധിത മേഖലയിൽ താമസിക്കുന്നവർക്ക് ഒരുമാസത്തേക്കു സൗജന്യ റേഷൻ നൽകും. ഭാഗികമായി വീടു തകർന്നവർക്കും വീട്ടുപകരണങ്ങൾ നശിച്ചവർക്കും റവന്യു വകുപ്പു നൽകുന്ന 10,000 രൂപ വരെയുള്ള ധനസഹായം തുടരും.

അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാ കലക്ടർമാർക്കും ഒരു കോടി രൂപ വീതം അനുവദിച്ചു. സംസ്ഥാനത്തൊട്ടാകെ കടലാക്രമണം രൂക്ഷമായതിനാൽ തീരം കടലെടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ കടൽഭിത്തി നിർമിച്ചു തീരം സംരക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരസംരക്ഷണത്തിനു ജിയോ ട്യൂബും ഉപയോഗിക്കും. ഏപ്രിലിൽ മാത്രം 104 വീടുകളാണു കടലെടുത്തത്. മേയിൽ നൂറുകണക്കിനു മത്സ്യത്തൊഴിലാളികൾക്കു വീടുകൾ നഷ്ടപ്പെട്ടു.