Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ, കടലാക്രമണം; ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

Sea Erosion Trivandrum ശംഖുമുഖം കടൽതീരം ശക്തമായ കടൽക്ഷോഭത്തിൽ തിരയെടുത്തപ്പോൾ. വലുതുഭാഗത്ത് തകർന്ന റോഡും കാണാം. റോഡിന്റെ ഒരു വശത്തുകൂടെയുള്ള ഗതാഗതം അടച്ചിരിക്കുകയാണ്. ചിത്രം: മനോജ് ചേമഞ്ചേരി

ആലപ്പുഴ/ തിരുവനന്തപുരം ∙ സംസ്ഥാനത്തു ശക്തമായ മഴ തുടരുന്നു. പലയിടത്തും കടലാക്രമണവും ശക്തമായി. കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബിക്കടലിന്റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം നിലനിൽക്കുകയാണ്. കേരള-കർണാടക തീരത്തും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിനു പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Alapuzha KSRTC ആലപ്പുഴയിലെ കടലാക്രമണത്തിൽ റോഡ് തകർന്നപ്പോൾ.
Alapuzha Sea ആലപ്പുഴയിലുണ്ടായ കടലാക്രമണം.

രാത്രിയിൽ മഴ ശക്തമായി പെയ്യുന്നതു തുടർന്നാൽ ഇടുക്കി മലങ്കര ഡാം തുറക്കാൻ സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും ഡാം സേഫ്റ്റി വിഭാഗം അറിയിച്ചിരുന്നു. ജലനിരപ്പുയർന്നതിനെ തുടർന്നു മലങ്കര അണക്കെട്ടിലെ രണ്ടു ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് 41.40 മീറ്ററായതോടെയാണു രാത്രി ഒൻപതോടെ രണ്ടു ഷട്ടറുകൾ, 20 സെന്റീമീറ്റർ വീതം ഉയർത്തിയത്. 50 സെന്റീമീറ്റർ വരെ ഷട്ടർ ഉയർത്തിയേക്കാമെന്നു അധികൃതർ അറിയിച്ചു. മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.

അതേസമയം കേരളത്തിൽ കാലവർഷം എത്തിയതായാണു സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പറയുന്നത്. എന്നാൽ ചൊവ്വാഴ്ച കാലവർഷ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലാണു കാലാവസ്ഥാ വകുപ്പ്. ആൻഡമാൻ കടൽമേഖല പിന്നിട്ട കാലവർഷം കേരള തീരത്തേക്ക് അടുക്കുകയാണ്. കേരള തീരത്തെ ന്യൂനമർദം ഇതിന്റെ വേഗം വർധിപ്പിക്കാനും ഇടയുണ്ട്.

Alapuzha-Sea-Attack ആലപ്പുഴയിൽ കടലാക്രമണത്തിൽ റോഡ് തകർന്നപ്പോൾ.

അതിനിടെ ആലപ്പുഴയിലെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. ആറാട്ടുപുഴ, വലിയഴിക്കൽ, നല്ലാണിക്കൽ, കള്ളിക്കാട്, രാമഞ്ചേരി പ്രദേശങ്ങളിലാണു രൂക്ഷമായ കടലാക്രമണമുണ്ടായത്. ആറാട്ടുപുഴ– വലിയഴിക്കൽ തീരദേശ റോഡ് ഭാഗികമായി തകർന്നു. അടുത്തിടെയാണ് ഈ റോഡ് പുനർ നിർമിച്ചത്. കൊല്ലത്തും തിരുവനന്തപുരത്തും കടൽ പ്രക്ഷുബ്ദമാണ്.

Sea Erosion കൊല്ലം ഇരവിപുരത്തു കടൽക്ഷോഭം രൂക്ഷമായപ്പോൾ.

കൊല്ലം ഇരവിപുരത്തു കടൽക്ഷോഭം രൂക്ഷമാണ്. പള്ളിനേര് സെന്റ് ആന്റണി കുരിശടി ഭാഗത്ത് തീരദേശ റോഡിലേക്ക് തിരമാലകൾ അടിച്ചു കയറി. പുലിമുട്ടു നിർമിക്കുന്ന ഭാഗത്തും ശക്തമായ കടലാക്രമണം ഉണ്ട്. കാലവർഷത്തിനു മുന്നോടിയായുള്ള കടലാക്രമണമാണെന്നു മത്സ്യതൊഴിലാളികൾ പറഞ്ഞു.

related stories