Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കള്ളക്കടൽ’ പ്രതിഭാസം; കടലിനെ ഇളക്കിമറിച്ചതു ദക്ഷിണ മഹാസമുദ്രത്തിലെ കൊടുങ്കാറ്റ്

PTI4_22_2018_000139B

തിരുവനന്തപുരം∙ ഓഖിക്കു ശേഷം കേരളത്തിന്റെ തീരപ്രദേശത്തു കനത്ത നാശനഷ്ടമുണ്ടാക്കിയ ‘കള്ളക്കടൽ പ്രതിഭാസ’ത്തിനു കാരണം ദക്ഷിണ മഹാസമുദ്രത്തിൽ 2000 കിലോമീറ്റർ അകലെയുണ്ടായ കൊടുങ്കാറ്റ്. ന്യൂനമർദമോ ചുഴലിക്കാറ്റോ ആയി മാറിയില്ലെങ്കിലും ഏറെസമയം ഒരേ മേഖലയിൽ തങ്ങിനിന്ന അപൂർവമായ ഈ കാറ്റിനെത്തുടർന്നുണ്ടായ ശക്തമായ തിരയിളക്കമാണ് ആറുദിവസത്തിനു ശേഷം കേരള തീരത്തു വൻതിരമാലകളായി മാറി നാശം വിതച്ചത്.

നാലു ദിവസത്തോളമായി നീണ്ടുനിൽക്കുന്ന കള്ളക്കടൽ പ്രതിഭാസത്തിൽ നൂറോളം വീടുകൾ തകർന്നു. ഇരുനൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. നൂറുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കേരളത്തിന്റെ തീരമേഖലയിൽ വേലിയേറ്റ സമയത്തു കടലേറ്റം ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും രൂക്ഷമാകാറില്ല. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും തീവ്രതയുള്ള തിരമാലകളാണു കള്ളക്കടലിനെത്തുടർന്നുണ്ടായത്.

ഹൈദരാബാദിലെ ദേശീയ സമുദ്ര വിവരസേവനകേന്ദ്രത്തിന്റെ (ഇൻകോയിസ്) കണക്കുപ്രകാരം 22 സെക്കൻഡ് വരെ ദൈർഘ്യമുള്ള തിരമാലകളുണ്ടായി. നേരത്തെ പരമാവധി 19 സെക്കൻഡാണു രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഇൻകോയിസ് സമുദ്രസ്ഥിതി പ്രവചന മേധാവി ഡോ.ആർ.ഹരികുമാർ പറഞ്ഞു.

ദക്ഷിണസമുദ്രത്തിൽ 60 ഡിഗ്രി തെക്ക് ദക്ഷിണാഫ്രിക്കയ്ക്കു സമീപമാണു പടിഞ്ഞാറു നിന്ന് കിഴക്കുഭാഗത്തേക്കു ശക്തമായ കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഒരേസ്ഥലത്ത് ഏറെനേരം തങ്ങിനിന്ന കാറ്റിലാണു കടലിൽ ശക്തമായ തിരയിളക്കമുണ്ടായത്. ഇതിന്റെ തുടർച്ചയായി ശക്തമായ തിരമാലകൾ ഇന്ത്യൻ തീരത്തേക്കു നീങ്ങുന്നതു തുടക്കം മുതൽ തന്നെ ഇൻകോയിസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.

സീഷെൽസ് ദ്വീപിൽ ഇന്ത്യ സ്ഥാപിച്ച വേവ് റൈഡർ ഉപകരണങ്ങളിൽ തിരയിളക്കത്തിന്റെ ദൈർഘ്യം 20 സെക്കൻഡ് രേഖപ്പെടുത്തിയതോടെയാണ് അപകടം മുൻകൂട്ടിക്കണ്ട് ഇൻകോയിസ് രൂക്ഷമായ കടലേറ്റ സാധ്യതയെക്കുറിച്ച് 19നു സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്.

കള്ളക്കടൽ

സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണു തീരവാസികൾ കള്ളക്കടൽ എന്നു പേരിട്ടത്. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും, പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും.