നാളെ മുതൽ 16 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി ∙ കളമശേരിക്കും കറുകുറ്റിക്കും ഇടയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജൂൺ‍ രണ്ടു മുതൽ 16 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചകളിൽ നിയന്ത്രണമില്ല. ഗുരുവായൂർ– െചന്നൈ എഗ്‌മൂർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി രാത്രി 11.25–നായിരിക്കും ഗുരുവായൂരിൽ നിന്നു പുറപ്പെടുക. 

മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ്, മധുര–തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറോളം പിടിച്ചിടും. പ്രതിവാര സർവീസുകളായ വെരാവൽ– തിരുവനന്തപുരം, ബിക്കാനീർ–കൊച്ചുവേളി, ഭാവ്‌നഗർ–കൊച്ചുവേളി, ഗാന്ധിധാം–നാഗർകോവിൽ‍, ഓഖ–എറണാകുളം (140 മിനിറ്റ്) ഹൈദരാബാദ്– കൊച്ചുവേളി സ്പെഷൽ, നിസാമുദ്ദീൻ–തിരുവനന്തപുരം, പട്ന–എറണാകുളം (80 മിനിറ്റ്) എന്നിവയും അങ്കമാലി, ആലുവ സ്റ്റേഷനുകളിൽ  പിടിച്ചിടും.

എറണാകുളം സൗത്ത് സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ കോച്ച് പാളം തെറ്റി

കൊച്ചി ∙ എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിന്റെ കോച്ച് ഷണ്ടിങ്ങിനിടെ പാളം തെറ്റി. ഇന്നലെ രാവിലെ ആറു മണിയോടെ  എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെയർ കാർ കോച്ചുകളിലൊന്നിന്റെ നാലു ചക്രങ്ങളാണു പാളത്തിനുള്ളിലേക്ക് ഇറങ്ങിയത്. ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്ററെ റെയിൽവേ സസ്പെൻഡ് ചെയ്തു. പാളം തെറ്റിയ കോച്ച് ഒഴിവാക്കി പിന്നീടു ട്രെയിൻ സർവീസ് നടത്തി. രാവിലെ 9.10നു പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂറിലേറെ വൈകി 10.48നാണു പുറപ്പെട്ടത്. പാളം തെറ്റിയതു ഷണ്ടിങ് ലൈനിലായതിനാൽ മറ്റു ട്രെയിൻ സർവീസുകളെ ബാധിച്ചില്ല. അന്വേഷണം ആരംഭിച്ചതായി  അധികൃതർ പറഞ്ഞു.