മാണിയുടെ മടക്കത്തിന് ഹൈക്കമാൻഡിന്റെ അനുമതി തേടും

തിരുവനന്തപുരം∙ കേരള കോൺഗ്രസിനെ (എം) വീണ്ടും യുഡിഎഫിന്റെ ഭാഗമാക്കാനുള്ള നടപടികൾക്കു കോൺഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിന്റെ അനുമതി തേടും. രാഹുൽ ഗാന്ധിയുമായി ഈയാഴ്ച ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം.ഹസനും നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതും ചർച്ചയാവും.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ പിന്തുണ ഉറപ്പിക്കാനായി മൂന്നു നേതാക്കളും അദ്ദേഹത്തെ കണ്ടപ്പോൾ ഭാവികാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെക്കൂടി വിശ്വാസത്തിലെടുത്തു ചെയ്യുമെന്ന് അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയോടെ പാർട്ടിയെയും മുന്നണിയെയും ശക്തമാക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടണമെന്നാണു പാർട്ടിയിലെ ആലോചന.

യുഡിഎഫ് വിട്ട കക്ഷിയെ തിരിച്ചെടുക്കുമ്പോൾ കേന്ദ്ര നേതൃത്വം കൂടി അറിഞ്ഞാകട്ടെയെന്നാണു ധാരണ. കോട്ടയം പാർലമെന്റ് സീറ്റ് എത്രകണ്ടു സുരക്ഷിതമാണെന്ന ആശങ്ക മാണി ഗ്രൂപ്പിനുണ്ട്. ജയ സാധ്യത കൂടുതലുള്ള മറ്റൊരു സീറ്റ് മാറ്റി വാങ്ങാനായി കോൺഗ്രസിൽ സമ്മർദം ചെലുത്താമെന്നാണു മധ്യസ്ഥ നീക്കങ്ങൾക്കു മുൻകൈയെടുത്ത മുസ‍്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്. കോൺഗ്രസിന്റെ വയനാട് സീറ്റാണ് ലക്ഷ്യമെന്ന അഭ്യൂഹം ശക്തം.

ഇതെല്ലാം കണക്കിലെടുത്താണ്, മുന്നണിയിലേക്കു തിരിച്ചെടുക്കുന്നതുതന്നെ രാഹുൽ ഗാന്ധിയുടെ അനുവാദത്തോടെയാക്കുന്നത്. ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ ഗുണമൊന്നും ചെയ്തില്ലെന്നു യുഡിഎഫ് സമ്മതിക്കുന്നു. അതേസമയം അതിന്റെ പേരിൽ മാത്രം അദ്ദേഹത്തെ മുന്നണിയിൽ തിരികെയെത്തിക്കാനുള്ള ശ്രമം ഉപേക്ഷിക്കില്ല. മാണിക്കു മനംമാറ്റമുണ്ടാകുമോയെന്ന സംശയം കോൺഗ്രസ് പൂർണമായി വിട്ടിട്ടുമില്ല.