Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ ചോർന്ന് പരശുറാം എക്സ്പ്രസ്

Train

കൊച്ചി ∙ പരശുറാം എക്സ്പ്രസിൽ ജനറൽ കോച്ച് മഴയിൽ ചോരുന്നെന്നു പരാതി. ഇന്നലെ രാവിലെ നാഗർകോവിലിൽ നിന്നു മംഗളൂരുവിലേക്കു പുറപ്പെട്ട പരശുറാം എക്സ്പ്രസിന്റെ ജനറൽ കോച്ചുകളിലൊന്നിലാണു ചോർച്ചയുണ്ടായത്. മുകൾഭാഗത്തു രണ്ടിടത്തു നിന്നു വെള്ളം നൂലു പോലെ കോച്ചിനുള്ളിലേക്കു വീണതോടെ യാത്രക്കാർ ദുരിതത്തിലായി.1995ൽ നിർമിച്ച കോച്ചായിരുന്നു ഇത്. 2008ൽ ഇടക്കാല അറ്റകുറ്റപ്പണി (മിഡ് ടേം റിഹാബിലിറ്റേഷൻ) നടത്തിയ കോച്ചിന് 2020 വരെ ആയുസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, 23 വർഷം പഴക്കമുള്ള കണ്ടം ചെയ്യാറായ കോച്ചാണിതെന്നു യാത്രികർ പറഞ്ഞു. പാലക്കാട് റെയിൽവേ ഡിവിഷന്റെ ട്രെയിനാണു പരശുറാം. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

പഴയ കോച്ചുകളാണു കേരളത്തിലെ ട്രെയിനുകൾക്കു ലഭിക്കുന്നതെന്നു വ്യാപക പരാതിയുണ്ടെങ്കിലും എംപിമാർ ഈ വിഷയം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നില്ലെന്നു പരാതിയുണ്ട‌്. ഡിവിഷനുകൾക്കു ലഭിക്കുന്ന കോച്ചുകൾ മോശമായതിനാൽ എത്ര അറ്റകുറ്റപ്പണി നടത്തിയാലും ഇതിൽ കൂടുതൽ നന്നാക്കാൻ കഴിയില്ലെന്നു റെയിൽവേ ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. കേരള എക്സ്പ്രസിന്റെ കോച്ച്  ഓട്ടത്തിന‌ിടെ തകർന്നതു കഴിഞ്ഞ മാസമാണ്. കോച്ച് തകർന്നു നാണക്കേടായതോടെ പുതിയ കോച്ചുകൾ നൽകാൻ ധാരണയായിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ കേരളയുടെ കോച്ചുകൾ പൂർണമായും മാറ്റി നൽകുമെന്നാണു വാഗ്ദാനം.