പൊലീസിനെ നന്നാക്കാൻ സ്റ്റേഷനിൽ പോസ്റ്റർ; സേവനത്തിൽ തൃപ്തിയില്ലെങ്കിൽ ഓൺലൈനായും പരാതിപ്പെടാം

തിരുവനന്തപുരം ∙ പരാതികളുമായി എത്തുന്നവർക്കു മികച്ച സേവനം ഉറപ്പാക്കാൻ മൂന്നു ‘പോസ്റ്ററുകൾ’ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.

‘ഈ സ്റ്റേഷനിൽനിന്നു ലഭിച്ച സേവനത്തിൽ തൃപ്തിയില്ലെങ്കിൽ ഡിവൈഎസ്പി, എസ്പി എന്നിവരെ ബന്ധപ്പെടുക’ എന്നതാണ് ഒരു പോസ്റ്റർ. അതിൽ ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പറും ഉണ്ടാകും. പരാതികൾ ഓൺലൈൻ വഴി നൽകാനുള്ള കേരള പൊലീസിന്റെ ‘തുണ’ എന്ന വെബ്സൈറ്റിന്റെ മലയാളത്തിലെയും ഇംഗ്ലിഷിലെയും വിവരങ്ങളാണു മറ്റു രണ്ടു പോസ്റ്ററുകളിൽ. സേവനം നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നൽകുന്ന പരാതി കൃത്യമായി സെർവറിൽ രേഖപ്പെടുത്തുമെന്നതിനാൽ മേലുദ്യോഗസ്ഥർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ല.

പൊതുസ്ഥലങ്ങളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്നു മറ്റൊരു ഉത്തരവിൽ ഡിജിപി നിർദേശിച്ചു. കുറ്റകൃത്യം തടയുന്നതിനും ജനങ്ങളിൽ സുരക്ഷിതബോധം വർധിപ്പിക്കുന്നതിനുമാണിത്. കാൽനട പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ശക്തമാക്കണം. ആവശ്യമായ അധിക പൊലീസിനെ എആർ ക്യാംപുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്നു നിയോഗിക്കണം. പൊലീസിനെപ്പറ്റിയുള്ള മതിപ്പു വർധിക്കുന്ന തരത്തിലാകണം പട്രോളിങ്ങെന്നും നിർദേശമുണ്ട്.

പൊലീസ് സേവനങ്ങൾക്ക് ‘തുണ’

വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് thuna.keralapolice.gov.in എന്ന വെബ് പോർട്ടൽ. എഫ്ഐആർ പകർപ്പുകളും മോഷണ വാഹനങ്ങളുടെ വിവരങ്ങൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, ഉച്ചഭാഷിണിക്കുള്ള അനുവാദപത്രം, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടു പൊലീസിൽനിന്നു ലഭിക്കേണ്ട രേഖകൾ, ജാഥ, പ്രകടനം എന്നിവയ്ക്കുള്ള അപേക്ഷകൾ, റോഡപകടങ്ങളുടെ ജനറൽ ഡയറി എന്നിവയുടെ പകർപ്പുകളും തുണ പോർട്ടൽ വഴി ഓൺലൈനായി ലഭിക്കും.