കൊച്ചി മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുരുന്നുകളും ആയയും മരിച്ചു

ആദിത്യൻ എസ്.നായർ, വിദ്യാലക്ഷ്മി, ലത ഉണ്ണി

കൊച്ചി ∙ വിലപിക്കാനേ കഴിയൂ, അൽപംകൂടി ശ്രദ്ധിച്ചിരുന്നെങ്കിലെന്ന്. പുതിയ അധ്യയനവർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും മരടിൽ സ്കൂൾ വാൻ കുളത്തിലേക്കു വീണു പൊലിഞ്ഞത് രണ്ടു കുരുന്നുകളുടേതടക്കം മൂന്നു ജീവൻ. കിഡ്സ്‌േവൾഡ് പ്ലേ സ്കൂൾ വിദ്യാർഥികളായ ആദിത്യൻ എസ്.നായർ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവരാണു മരിച്ചത്.

രണ്ടര മീറ്റർ മാത്രം വീതിയുള്ള റോഡിലെ വളവിൽ വാഹനത്തിനു വേഗം കൂടിയതോ അശ്രദ്ധയോ ആകാം അപകടകാരണമെന്ന് ആർടിഒ റെജി പി.വർഗീസ് പറഞ്ഞു. വാനിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും സ്കൂൾ വാഹനങ്ങൾക്കായുള്ള മോട്ടോർവാഹന വകുപ്പിന്റെ പ്രത്യേക പരിശോധന കഴിഞ്ഞിരുന്നില്ല. ഡ്രൈവറുടെ അശ്രദ്ധയുടെ സൂചന സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

കണ്ണീരിൽ മുങ്ങി: എറണാകുളം മരടിൽ സ്കൂൾ വാൻ മറിഞ്ഞു മരിച്ച ആദിത്യന്റെ അമ്മ പ്രിയയും വിദ്യാ ലക്ഷ്മിയുടെ അമ്മ സ്മിജ‍യും (വലത്ത്) ചിത്രം: മനോരമ

മരട് ജാന്ന പള്ളിക്കു സമീപം താമസിക്കുന്ന ചെങ്ങന്നൂർ മുളക്കുഴ ശ്രീനിലയത്തിൽ ശ്രീജിത് എസ്.നായരുടെയും പ്രിയയുടെയും മകനാണ് ആദിത്യൻ. സംസ്കാരം ഇന്നു രണ്ടിനു മുളക്കുഴയിലെ വീട്ടുവളപ്പിൽ. 

കാക്കനാട് വാഴക്കാല മൂലേപ്പാടം റോഡ് സെവൻസ് അവന്യൂവിലെ ഐശ്വര്യ ഹൗസിൽ സനൽകുമാറിന്റെയും സ്മിജയുടെയും മകളാണു വിദ്യാലക്ഷ്മി. സംസ്കാരം ഇന്നു 12നു മരട് ശാന്തിവനത്തിൽ. മരട് കൊച്ചാലിത്തറ ഉണ്ണിയുടെ ഭാര്യ ലതയുടെ സംസ്കാരം ഇന്നു 11നു ശാന്തിവനത്തിൽ.

അപകടത്തിൽപ്പെട്ട വിദ്യാർഥിനി കരോൾ തെരേസയും രക്ഷാപ്രവർത്തനത്തിനു ശേഷം ബോധമറ്റു വീണ ഡ്രൈവർ അനിൽകുമാറും (ബാബു) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. കരോളിന്റെ നില ഗുരുതരമാണ്.

വൈകിട്ടു നാലോടെ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്നിൽ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണു വാൻ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണുണ്ടായിരുന്നത്. ഇടത്തേക്കു‌ള്ള വളവു തിരിയുന്നതിനിടെ വലത്തേക്കു പാളിയ വാൻ പുല്ലിൽ തെന്നിയശേഷം ആദ്യം അൽപം മറിഞ്ഞുനിന്നു. ശബ്ദം കേട്ടു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും വാഹനം സാവധാനം കുളത്തിലേക്കു പൂർണമായി മറിഞ്ഞു. നാട്ടുകാരും ഡ്രൈവറും ചേർന്ന് ആറു കുട്ടികളെ രക്ഷിച്ചു. കയർ കെട്ടി വാഹനം ഉയർത്തിയ ശേഷമേ വിദ്യാലക്ഷ്മിയെയും ആദിത്യനെയും ലതയെയും പുറത്തെടുക്കാനായുള്ളൂ. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു.

റോഡരികിലെ പുല്ലും കുളത്തിലെ പായലും കൂടിച്ചേർന്നു കിടക്കുകയാണിവിടെ. റോഡിനു സംരക്ഷണഭിത്തിയോ, കുളത്തിൽ നിന്നു വേർതിരിച്ചറിയാൻ അടയാളം പോലുമോ ഉണ്ടായിരുന്നില്ല.

പരിശോധന നടത്താത്ത സ്കൂൾ വാഹനങ്ങൾ 15 % 

തിരുവനന്തപുരം ∙ മോട്ടോർവാഹനവകുപ്പ് സ്കൂൾ വാഹനങ്ങൾക്കായി നടത്തുന്ന പ്രത്യേക പരിശോധനയിൽ പങ്കെടുക്കാത്ത വാഹനങ്ങൾ ഇപ്പോഴുമുണ്ടെന്നു ഗതാഗത കമ്മിഷണർ കെ.പത്മകുമാർ. കൊച്ചിയിൽ അപകടത്തിൽപ്പെട്ട വാഹനം ഈ പരിശോധന പൂർത്തിയാക്കിയിരുന്നില്ല. 85 ശതമാനത്തോളം വാഹനങ്ങളുടെ പരിശോധന പൂർത്തിയായി. ഇവയ്ക്കു സ്റ്റിക്കർ നൽകിയിട്ടുണ്ട്.