ഇപിഎഫ് പെൻഷൻ വർധന കേസ്; സുപ്രീം കോടതി സ്റ്റേ നീക്കി

കൊച്ചി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ വർധന സംബന്ധിച്ച കേസിൽ കേരള ഹൈക്കോടതിയുടെ വിധി വൈകുന്ന സാഹചര്യത്തിൽ അതിനു കാത്തിരിക്കാതെ സ്വന്തമായി നടപടികളെടുക്കാൻ രാജ്യത്തെ മറ്റു ഹൈക്കോടതികൾക്കു സുപ്രീം കോടതി നിർദേശം നൽകി. രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിനു ജീവനക്കാരെ ബാധിക്കുന്ന ഇപിഎഫ് പെൻഷൻ  കേസുകളിൽ വിവിധ ഹൈക്കോടതി നടപടികൾക്കു നിലനിന്ന സ്റ്റേ നീക്കുന്നതാണു സുപ്രീംകോടതിയുടെ നടപടി. കേരള ഹൈക്കോടതിയുടെ വിധിക്കു കാത്തിരിക്കാൻ സുപ്രീംകോടതി പറഞ്ഞിട്ട് ആറു മാസമെത്തുമ്പോഴും വിധി വന്നിട്ടില്ല.

വിവിധ ഹൈക്കോടതികളിൽ വ്യത്യസ്ത വിധികളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു, കേരളത്തിലെ വിധി മാനദണ്ഡമാക്കാൻ 2017 ഡിസംബർ 20നു സുപ്രീംകോടതി നിർദേശിച്ചത്. കേരളത്തിലെ ആയിരത്തി ഇരുനൂറോളം ഹർജികളിൽ 547 കേസുകളിൽ വാദം പൂർത്തിയാക്കി 2017 ഫെബ്രുവരിയിൽ വിധി പറയാൻ മാറ്റിയതാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കേരളത്തിലെ വിധി വരട്ടെയെന്നു സുപ്രീംകോടതി പറഞ്ഞത്. വിവിധ കോടതികളിലെ ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇപിഎഫ് ഓർഗനൈസേഷനാണു സുപ്രീം കോടതിയെ സമീപിച്ചത്.

കേരള ഹൈക്കോടതിയുടെ വിധി ഇനിയും വന്നിട്ടില്ലെന്നും 2017 മേയ് 31ന് ഇപിഎഫ് ഓർഗനൈസേഷൻ പുറപ്പെടുവിച്ച വിജ്ഞാപനവുമായി ബന്ധപ്പെട്ടു ഡൽഹി ഹൈക്കോടതിയിലെ കേസിൽ കൂടുതലായി ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും കക്ഷികൾ സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടക്കാല സ്റ്റേ നീക്കി, മറ്റു ഹൈക്കോടതികൾ തങ്ങളുടെ പരിഗണനയിലുള്ള വിഷയങ്ങൾ വിശദമായി പരിശോധിച്ചു നടപടിയെടുക്കണമെന്നു ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് അരുൺ മിശ്ര എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിക്കുകയായിരുന്നു.