മണ്ണിടിഞ്ഞുണ്ടായ ഗതാഗതതടസ്സത്തിന് പരിഹാരം; താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസിയുടെ ഷട്ടിൽ സർവീസ്

കൽപറ്റ/താമരശേരി∙ താമരശ്ശേരി ചുരത്തിൽ ഇന്നു മുതൽ കെഎസ്ആർടിസി ഷട്ടിൽ സർവീസ് ആരംഭിക്കും. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിൽ റോഡരിക് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം. രാവിലെ ആറു മുതൽ രാത്രി ഏഴുവരെയാണ് സർവീസുകൾ.

വയനാട്ടിൽ നിന്നുള്ള ബസുകൾ മണ്ണിടിഞ്ഞ ഭാഗത്തിനു സമീപത്തെ ഹോട്ടൽ പരിസരം വരെയും കോഴിക്കോട് ഭാഗത്തു നിന്നുള്ള ബസുകൾ ചിപ്പിലിത്തോട് വരെയും സർവീസുകൾ നടത്തും. ബസ് യാത്രക്കാർ ഇതിനിടയിലുള്ള 200 മീറ്റർ ദൂരം നടന്നു വേണം ബസ് മാറിക്കയറാൻ. ദീർഘദൂര ബസുകൾ പക്രംതളം ചുരം വഴിയും പാലക്കാട്, തൃശൂർ ബസുകൾ മേപ്പാടി–വടുവൻചാൽ–ചേരമ്പാടി–പന്തല്ലൂർ–നാടുകാണി ചുരം വഴിയും കടന്നുപോകണം. വലിയ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. മൂന്നു മാസത്തിനുളളിൽ ഗതാഗതം പൂർണമായും പുനഃസ്‌ഥാപിക്കും.

ചുരം ഗതാഗത തടസ്സം നേരിട്ടതിനാൽ വയനാട് ജില്ലയിൽ നേരിടുന്ന പെട്രോൾ, ഡീസൽ ക്ഷാമത്തിനും പരിഹാരം കാണും. മണ്ണിടിഞ്ഞ ഭാഗത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ വനംവകുപ്പിനോട് ആവശ്യപ്പെടും. യോഗത്തിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ ജോർജ് എം. തോമസ്, സി.കെ. ശശീന്ദ്രൻ, കലക്ടർമാരായ യു.വി. ജോസ്, എ.ആർ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്കായി കൽപറ്റ ഡിപ്പോയിൽ നിന്നു പുതിയ സർവീസ് ആരംഭിക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

മാക്കൂട്ടത്ത് റോഡ് തകർന്നതിനാൽ കണ്ണൂരിൽ നിന്നു കുട്ട, വിരാജ് പേട്ട, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളും കുറ്റ്യാടി, മാനന്തവാടി, കുട്ട വഴി നടത്തും. മലപ്പുറം ഭാഗത്തു നിന്നു വരുന്ന ചരക്കു വാഹനങ്ങൾ നിലമ്പൂർ നാടുകാണി വഴിയും കോഴിക്കോട് ഭാഗത്തു നിന്നുള്ളവ കുറ്റ്യാടി മാനന്തവാടി വഴിയും കടന്നു പോകണം.