അടീം കിട്ടി, കേസിലും കുടുക്കി; പൊലീസ് ആർക്കൊപ്പമെന്നു വ്യക്തമാക്കുന്ന രണ്ടു കേസുകൾ

തിരുവനന്തപുരം / കൊല്ലം∙ എഡിജിപിയുടെ മകൾ പൊലീസുകാരനെ ആക്രമിച്ച കേസിലും കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവറും ചേർന്നു യുവാവിനെ മർദിച്ച കേസിലും പൊലീസ് ആദ്യം കേസെടുത്തത് ‘ഇര’കളെ ഒഴിവാക്കി മർദകരുടെ പരാതിയിൽ.

മ്യൂസിയം പൊലീസ്, തിരുവനന്തപുരം

എഡിജിപി സുദേഷ്കുമാറിന്റെ മകളും ഭാര്യയും ചേർന്നു പൊലീസ് ഡ്രൈവർ ഗവാസ്കറെ (39) പൊലീസ് വാഹനത്തിൽ മർദ്ദിച്ചതു 14 നു രാവിലെ 8.30ന്. തുടർന്നു പേരൂർക്കട ഗവ. ആശുപത്രിയിൽ ചികിൽസ തേടിയ ഗവാസ്കർ മ്യൂസിയം പൊലീസിൽ പരാതി നൽകിയതു രാവിലെ 11ന്. പക്ഷേ, കേസ് റജിസ്റ്റർ ചെയ്യുന്നത് (ക്രൈംനമ്പർ 646/2018) 11 മണിക്കൂറിനുശേഷം രാത്രി 10 മണിയോടെ. 

എഡിജിപിയുടെ മകൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത് ഉച്ചയ്ക്ക് 2.30ന്. പരാതി നൽകുന്നതും കേസ് റജിസ്റ്റർ ചെയ്ത് (645/2018) അന്വേഷണം തുടങ്ങുന്നതും രാത്രി 8.30ന്.

അഞ്ചൽ പൊലീസ്, കൊല്ലം

കെ.ബി.ഗണേഷ്കുമാർ എംഎൽഎയും ഡ്രൈവർ ശാന്തനും അഞ്ചൽ അഗസ്ത്യക്കോട് പുലിയത്തുവീട്ടിൽ അനന്തകൃഷ്ണനെ (22) മർദിച്ചത് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന്. 

ഗണേഷ്കുമാറിന്റെ ഡ്രൈവർ ശാന്തന്റെ പരാതിയിലാണ് അഞ്ചൽ പൊലീസ് ആദ്യം കേസെടുത്തത്. 13ന് 4.45 നു 1112/18 നമ്പറായി കേസ്. അനന്തകൃഷ്ണന്റെ പരാതിയിൽ 1113/18 നമ്പറായി കേസെടുത്തതു മുക്കാൽ മണിക്കൂർ കഴിഞ്ഞ് 5.30ന്.