പാറത്തോടിലെ ചുഴലിക്കിടെ പത്തനാപുരത്തെ തല്ല്

കെ.ബി.ഗണേഷ് കുമാറിന് ഈയിടെയായി ദൈവവിശ്വാസം അൽപം കൂടിയിരിക്കയാണ്. പത്തനാപുരത്തു വച്ച് ഒരു കാർ ഓടിച്ചിരുന്നയാളെ താൻ തല്ലിയെന്ന് ഉപക്ഷേപമായി ഉന്നയിച്ച അനിൽ അക്കരയ്ക്കു ഗണേഷ് നൽകിയ ഉപദേശം കേട്ടാൽ അക്കാര്യം വ്യക്തമാകും: ഇന്നു ഞാൻ നാളെ നീ. അനിൽ അക്കര ഉപക്ഷേപം ഉന്നയിക്കുമ്പോൾ ഗണേഷിന്റെ പേർ പറഞ്ഞില്ല. ചില സ്ത്രീകൾ ഭർത്താവിനെ ‘കുട്ട്യോൾടച്ഛൻ’ എന്നു വിശേഷിപ്പിക്കുന്നതുപോലെ ‘പത്തനാപുരം എംഎൽഎ’ എന്നേ അദ്ദേഹം പറഞ്ഞുള്ളൂ. നടപടിക്രമപ്രകാരം അതായിരിക്കാം ശരി.

എന്നാൽ മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതൊന്നും ഗൗനിക്കാതെ ഗണേഷ് കുമാറിന്റെ പേർ പറഞ്ഞു. അപ്പോഴെല്ലാം ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും താൻ വെറുമൊരു മാവിലായിക്കാരനാണന്നുമുള്ള മട്ടിൽ ഇരിക്കുകയായിരുന്നു ഗണേഷ്. അപ്രതീക്ഷിത കോണിൽനിന്നാണു ഗണേഷിനു സഹായഹസ്തം നീണ്ടത്.

പത്തനാപുരത്തെ കാര്യം താൻ അന്വേഷിച്ചെന്നും കാറിൽ നിന്നിറങ്ങാത്ത ഗണേഷ് എങ്ങനെയാണു മറ്റൊരു കാറിലെ ഡ്രൈവറെ തല്ലുന്നതെന്നും പി.സി.ജോർജ് ചോദിച്ചതോടെ ഗണേഷ് ഉഷാറായി. പാറത്തോടു പഞ്ചായത്തിലെ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ഉപക്ഷേപത്തിനിടെയാണു പത്തനാപുരത്തെ തല്ല് ജോർജ് പരാമർശിച്ചത്.

അങ്കമാലി ഫോർ കാലടി എന്നു ന്യായം പറയാം. വേദപുസ്തകം പഴയ നിയമത്തിലെ സങ്കീർത്തനങ്ങളിൽ നിന്നുള്ള ചില വാക്യങ്ങളാണു തന്റെ തുണയ്ക്കായി ഗണേഷ് ഹാജരാക്കിയത്. ‘ദൈവം എന്റെ ഗോപുരമാകുന്നു..... അവർ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ. കോപത്തോടെ അവരെ സംഹരിക്കേണമേ’ എന്നിവയൊക്കെയാണു ഗണേഷ് പറഞ്ഞ വേദപുസ്തകഭാഗം പരതിയാൽ കിട്ടുക.

ലോകാവസാന കാലത്തു പലരും വേദപുസ്തകം ഉദ്ധരിക്കുമെന്നു പണ്ടേ പറഞ്ഞിട്ടുണ്ട്. ഇടതു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണു മാധ്യമവിമർശനമെന്നു സ്ഥാപിക്കാൻ എം.സ്വരാജ് ആവശ്യത്തിലേറെ ഗൃഹപാഠം ചെയ്താണു വന്നത്. ലെനിനും നോം ചോംസ്കിയും മാധ്യമങ്ങളെ വിമർശിച്ചിട്ടുണ്ട്. പിന്നെ സ്വരാജിനു മാധ്യമ പ്രവർത്തകരെ പിതൃശൂന്യരെന്നു വിളിച്ചാലെന്താണ്? പഴയ നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന എം.വിൻസന്റിന്റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പകരം ഒരുപാടു റഷ്യക്കാരുടെ വായിൽ കൊള്ളാത്ത വാക്കുകളാണു സ്വരാജ് ഉദ്ധരിച്ചത്.

സോൾഷെനിത്‌സെൻ, പാസ്റ്റർനാക് എന്നിവരെ സൈബീരിയിലേക്കു നാടുകടത്തിയത് എന്തിനായിരുന്നു എന്നു കെ.എൻ.എ.ഖാദർ ചോദിച്ചപ്പോൾ കൂടുതൽ പേരുകളുടെ പ്രവാഹമായി. ഇതൊക്കെ വ്യക്തികളുടെയാണോ വോഡ്കയുടെയാണോ എന്നു വ്യക്തമായില്ല. ഖാദർ ‘ഡോ. ഷിവാഗോ’ വായിച്ചിട്ടുണ്ടോ എന്നു കെ.യു.അരുണൻ സംശയം ചോദിച്ചു. അതു മാത്രമല്ല, അതിന്റെ അപ്പൂപ്പനായ ‘ഗുലാഗ് ആർക്കിപെലാഗോ’യും വായിച്ചിട്ടുണ്ടെന്നായി ഖാദർ. പിടിച്ചതിലും വലുതു മാളത്തിലുണ്ടെന്ന് ഇതോടെ മനസ്സിലായി.

മന്ത്രി കെ.കെ.ശൈലജയ്ക്കു പൂർണവിരാമം എന്നൊരു ചിഹ്നത്തെക്കുറിച്ചു കേട്ടുകേൾവി പോലുമില്ലെന്നു തോന്നുന്നു. ശ്രദ്ധ ക്ഷണിക്കലിന്റെ മറുപടി 15 മിനിറ്റ്, ഉപക്ഷേപത്തിന് എട്ടു മിനിറ്റ് എന്നതാണു മിനിമം ഗാരന്റി. മാർക് ടൂളി തന്റെ പുസ്തകത്തിനു ‘നോ ഫുൾ സ്റ്റോപ്സ് ഇൻ ഇന്ത്യ’ എന്നു പേരിട്ടതു ടീച്ചറെ കണ്ടതിനുശേഷമാണെന്ന കഥയിൽ അൽപസ്വൽപം സത്യമുണ്ടെന്നു തോന്നുന്നു.

ഇന്നത്തെ വാചകം

എം.സ്വരാജ് : തല നഷ്ടപ്പെടുന്ന കാലത്തു തലമുടിയെക്കുറിച്ചു പ്രബന്ധം രചിക്കുന്നതു കൊലയാളികളെ സഹായിക്കുകയേ ഉള്ളൂ.