Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും കൂടുതൽ എതിർപ്പ് വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കു നേരെ: ഉമ്മൻ ചാണ്ടി

tp-sreenivasan-oommen-chady തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ അദ്ദേഹത്തിനൊപ്പം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ എന്നിവർ. ചിത്രം: മനോരമ

തിരുവനന്തപുരം∙ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കു നേരെയാണു കേരളത്തിൽ ഏറ്റവും കൂടുതൽ എതിർപ്പുയരുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസന്റെ ‘എജ്യുക്കേഷൻ ഓഫ് ആൻ അംബാസഡർ – റിഫ്ലക്‌ഷൻ ഓൺ ഹയർ‌‌‌‌ എജ്യുക്കേഷൻ റിഫോം ഇൻ കേരള’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

എതിർക്കുന്നവരുടെ മക്കളും ബന്ധുക്കളും കേരളത്തിനു പുറത്തും വിദേശത്തും പോയി മികച്ച വിദ്യാഭ്യാസവും ജോലിയും നേടിയെടുക്കുന്ന വൈരുധ്യവും കേരളത്തിലുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഗ്ലോബൽ എജ്യുക്കേഷൻ മീറ്റിന് എത്തിയ ഡോ. ടി.പി.ശ്രീനിവാസനെ വളഞ്ഞിട്ട് ആക്രമിക്കുകയും കരണത്തടിക്കുകയും ചെയ്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏൽപ്പിച്ച ആഘാതം ആരെങ്കിലും തിരിച്ചറിഞ്ഞോയെന്നു സംശയമുണ്ട് – ഉമ്മൻചാണ്ടി പറഞ്ഞു.

മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പുസ്തകം പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ പുസ്തകം സ്വീകരിച്ചു. കൊണാർക്ക് പബ്ലിക്കേഷൻസ് എംഡി കെ.പി.ആർ.നായർ, ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി, സ്കൂൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ടി. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

related stories