കോച്ച് ഫാക്‌ടറി: പിണറായിയെ ഒഴിവാക്കി വിഎസ്സിനെ കണ്ട് റെയിൽവേ മന്ത്രി

ഭരണപരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ന്യൂഡൽഹിയിൽ റെയിൽവേമന്ത്രി പീയൂഷ് ഗോയലിനെ കണ്ടപ്പോൾ.

ന്യൂഡൽഹി∙ കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ വിസമ്മതിച്ച കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചു. ചണ്ഡീഗഡിലായിരുന്ന ഗോയൽ വിഎസ്സിനെ കാണാൻ മാത്രം ഡൽഹിയിലെത്തി. കൂടിക്കാഴ്ച കഴിഞ്ഞ ഉടൻ മഹാരാഷ്ട്രയിലേക്കു പോവുകയും ചെയ്തു.

കഞ്ചിക്കോട്ട് റെയിൽവേ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്നു വ്യക്തമാക്കിയ മന്ത്രി, വ്യക്തിപരമായി തന്നെ ഇതിൽ ഇടപെട്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ഉറപ്പുനൽകി. ‘പാലക്കാട് കോച്ച് ഫാക്ടറി റെയിൽവേ ഉപേക്ഷിച്ചിട്ടില്ല. ഫാക്ടറി സ്ഥാപിക്കാൻ സാങ്കേതിക തടസ്സങ്ങളേയുള്ളൂ. വിഎസ് വന്നതിൽ വളരെ സന്തോഷം. എന്നാൽ, വിഎസിനെപ്പോലെ മുതിർന്ന നേതാവ് നിവേദനം നൽകാൻ തന്നെ വന്നു കാണേണ്ടിയിരുന്നില്ലെന്നും ഗോയൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ എംപിമാരും വെള്ളിയാഴ്ച റെയിൽ ഭവനു മുന്നിൽ കോച്ച് ഫാക്ടറിക്കു വേണ്ടി പ്രതിഷേധ ധർണ നടത്തിയതാണ്. അവർ മന്ത്രിയെ കാണാൻ സമയം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും എംപിമാർക്കും ലഭിക്കാത്ത ഉറപ്പാണു വിഎസിനു ലഭിച്ചത്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണു പദ്ധതി പ്രഖ്യാപിക്കുന്നത്; പദ്ധതി വരുന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തിലും. സിപിഎമ്മിനുള്ളിലെ വിഭാഗീയത മുതലെടുക്കുക എന്ന ബിജെപിയുടെ തന്ത്രമായും വിഎസ്സിനു ലഭിച്ച ഉറപ്പിനെ വിലയിരുത്താം.