Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട്ട് റയിൽവേ കോച്ച് ഫാക്ടറി തുടങ്ങില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം ∙പാലക്കാട്ട് റയിൽവേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്നും പെനിൻസുലാർ  സോൺ അനുവദിക്കില്ലെന്നും കേന്ദ്രത്തിന്റെ കത്ത്. പാലക്കാട്ട് ഫാക്ടറിക്കുവേണ്ടി 239 ഏക്കർ ഭൂമി ഏറ്റെടുത്ത്് റെയിൽവേയ്ക്കു കൈമാറിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട  ഘട്ടത്തിലാണ് കോച്ച്് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യം ഇല്ല എന്നു കേന്ദ്രം മറുപടി നൽകിയതെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു.

കോച്ച് ഫാക്ടറി നിർമാണം ആരംഭിക്കുക, തിരുവനന്തപുരം, പാലക്കാട്, കൊങ്കൺ റെയിൽവേ ഡിവിഷനുകൾ ഉൾപ്പെടുത്തി കേരളത്തിനു സ്വന്തമായി പെനിൻസുലാർ സോൺ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ‍‍‍‍‍പ്രധാനമന്ത്രിക്കും റയിൽവേ മന്ത്രിക്കും ജൂൺ ആറിനു സുധാകരൻ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണു പുതുതായി ഒരു കോച്ച് ഫാക്ടറിയും നിർമിക്കുന്നില്ലെന്നും  പെനിൻസുലാർ സോൺ അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചത്.

2012-13 റെയിൽവേ ബജറ്റിൽ പാലക്കാട് കോച്ച്് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച ബിഹാറിലെ റെയിൽ വീൽ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും പശ്ചിമ ബംഗാളിലെ ഡീസൽ കംപോണന്റ് ഫാക്ടറിയും ഇതിനകം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചെന്നു മന്ത്രി അറിയിച്ചു. ചെന്നൈ ആസ്ഥാനമായി മാത്രം സോണൽ ഓഫിസ് ഉള്ളതിനാൽ കേരളത്തിന്റെ പ്രധാന റെയിൽ പദ്ധതികൾ അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യത്തിലാണ് എറണാകുളം കേന്ദ്രമായി പെനിൻസുലാർ സോൺ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടത്. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും  സുധാകരൻ പറഞ്ഞു.