Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ച് ഫാക്ടറി: പ്രതിഷേധ സമരത്തിൽ ‘രാഷ്ടീയം കളിച്ച്’ കേരള എംപിമാർ

Parliament of India

ന്യൂഡൽഹി ∙ പാലക്കാട്ടെ കോച്ച്ഫാക്ടറിക്കു വേണ്ടി കേരളത്തിലെ എംപിമാർ പാർലമെന്റ് വളപ്പിൽ നടത്തിയ ധർണ ഇടതുപക്ഷ എംപിമാരുടെ മാത്രം ധർണയായി. ധർണയെക്കുറിച്ച് യുഡിഎഫ് എംപിമാരെ ആരെയും വിവരം അറിയിച്ചില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി.

ഇതു ശരിയല്ലെന്നും കോൺഗ്രസിലെ കെ.സി.വേണുഗോപാൽ എംപിയെ വിവരം അറിയിച്ചുവെന്നും സിപിഎം എംപി പി.കരുണാകരൻ പറഞ്ഞു. കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പാക്കാതെ കേന്ദ്രത്തിലെ യുപിഎ സർക്കാരും കേരളത്തെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇടത് എംപിമാർ കുറ്റപ്പെടുത്തി.

കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയിൽവേയ്ക്ക് ആവശ്യമില്ലെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പുതിയ കോച്ച് ഫാക്ടറികൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് എംപിമാരായ എ.സമ്പത്ത്, എം.ബി.രാജേഷ് എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണു കേന്ദ്രം നിലപാടറിയിച്ചത്.

കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം യാഥാർഥ്യമാക്കുമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞതിനു പിന്നാലെയായിരുന്നു മലക്കംമറിച്ചിൽ. ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷിയോഗം സന്ദർശിച്ചപ്പോഴും വിഷയം ഉന്നയിച്ചിരുന്നു.