Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയേണ്ടവർ അറിയണം; കഞ്ചിക്കോടിന് വേണ്ടി രാജേഷിന്റെ ഹിന്ദിപ്രസംഗം

MB_Rajesh

ന്യൂഡൽഹി ∙ തമിഴ് എംപിമാർ തമിഴിലും ആന്ധ്രക്കാർ തെ‌ലുങ്കിലും ലോക്സഭയിൽ ജനകീയ വിഷയങ്ങൾ സ്റ്റൈലായി അവതരിപ്പിച്ചു തുടങ്ങിയപ്പോൾ മലയാളികളും അവസരത്തിനൊത്തുണർന്നു. കഷ്ടപ്പെട്ടു സായിപ്പിന്റെ ഭാഷ പറയുന്നതെന്തിന്? സ്പീക്കർക്കു മുന്നറിവു കൊടുത്താൽ പച്ചമലയാളത്തിൽ കാര്യം പറയാം. അതു മറ്റ് എംപിമാർക്കു വേണ്ടി തത്സമയം ‌ഹിന്ദിയിലേക്കും ഇംഗ്ലിഷിലേക്കും പരിഭാഷപ്പെടുത്താൻ ലോക്സഭാ സെക്രട്ടേറിയറ്റ് ഏർപ്പാടുണ്ടാക്കിക്കൊള്ളും. 

എ.സമ്പത്താണു കഴിഞ്ഞദിവസം ‘മലയാളഭാഷാ പ്രചാരണ’ത്തിനു മുൻകയ്യെടുത്തത്. അദ്ദേഹത്തിനു പിന്നാലെ സി. എൻ.ജയദേവന്റെ ശുദ്ധമലയാളവും സഭയിൽ മുഴങ്ങി. എന്നാൽ, കഞ്ചിക്കോടിന്റെ കാര്യമാകുമ്പോൾ അതു പോരെന്നായിരുന്നു പാലക്കാട് എംപിയായ എം.ബി.രാജേഷിന്റെ വിലയിരുത്തൽ. പറയാനുള്ളതു ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തെയും മുൻ യുപിഎ സർക്കാരുകളുടെയും ഇപ്പോഴത്തെ എൻഡിഎ സർക്കാരിന്റെയും അവഗണനയെയും കുറിച്ചാണ്. അതിനു ഹിന്ദി തന്നെ യുക്തം. 

2008ൽ കേരള ജനതയ്ക്കു പാർലമെന്റിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ മുൻ സർക്കാരുകളും ഇപ്പോഴത്തെ സർക്കാരും പരാജയപ്പെട്ടിരിക്കുകയാണെന്നു രാജേഷ് പറഞ്ഞു. ഈ ജനവഞ്ചന തുടരരുതെന്നും അഭ്യർഥിച്ചു. 

കേരളത്തിൽ നിന്നൊരാൾ ഹിന്ദി പറയാൻ മുതിരുമ്പോഴുള്ള ചിരിയും കളിയും സഭയിൽ കാണാതിരുന്നതു ശ്രദ്ധേയമായി. ഹിന്ദി പറഞ്ഞല്ലോ, ഗംഭീരമായി എന്ന അഭിനന്ദനം സ്പീക്കറിൽ നിന്നുമുണ്ടായില്ല. കാരണമിതായിരുന്നു: രാജേഷ് പറഞ്ഞതു കർത്താവും ക്രിയയും വേണ്ടവിധം ഒത്തിണങ്ങിയ ഉശിരൻ ഹിന്ദി. പദ്ധതി നടപ്പായിക്കിട്ടാൻ മറ്റു വഴികളടയുമ്പോൾ ശരണം ഹി‌ന്ദിയെങ്കിൽ അങ്ങനെ.