Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോച്ച് ഫാക്ടറിക്കായി യുഡിഎഫ് എംപിമാർ ധർണ നടത്തി

ന്യൂഡൽഹി ∙ കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർ‍ഥ്യമാക്കുക, കടൽക്ഷോഭത്തിലും കാലവർഷത്തിലും ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ധനസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് എംപിമാർ പാർലമെന്റിനു മുന്നിൽ ധർണ നടത്തി. കഞ്ചിക്കോടിനു വേണ്ടി കഴിഞ്ഞ ദിവസം എൽഡിഎഫ് നടത്തിയ ധർണയിൽനിന്നു വിട്ടുനിന്ന യുഡിഎഫ്, ഇന്നലെ സ്വന്തംനിലയിൽ സമരത്തിനിറങ്ങുകയായിരുന്നു.

കോച്ച് ഫാക്ടറിയുടെ നിർമാണം സംബന്ധിച്ചു റെയിൽവേ മന്ത്രി പരസ്പര വിരുദ്ധ പ്രസ്താവനകളാണു നടത്തുന്നതെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്നും രാജ്യത്തു പുതിയ ഫാക്ടറികളുടെ ആവശ്യമില്ലെന്നുമുള്ള വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന മന്ത്രിയുടേത് ഇരട്ടത്താപ്പാണ്. കാലവർഷക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 250 കോടി രൂപ ആവശ്യമാണെന്നിരിക്കെ 80 കോടി മാത്രം നൽകിയ കേന്ദ്രം കേരളത്തെ അപമാനിക്കുകയാണ്. ധനസഹായം ഉയർത്തണമെന്നു കോൺഗ്രസ് ഡപ്യൂട്ടി ചീഫ് വിപ്പ് കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.

എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, ജോസ് കെ.മാണി, മുല്ലപ്പള്ളി രാമചന്ദ്രൻ, എൻ.കെ.പ്രേമചന്ദ്രൻ, എം.ഐ.ഷാനവാസ്, എം.കെ.രാഘവൻ, ആന്റോ ആന്റണി എന്നിവരും പങ്കെടുത്തു.