പൊലീസ് ഡ്രൈവർ ഗവാസ്കറെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; പുതിയ ആരോപണവുമായി എഡിജിപിയും മകളും

തിരുവനന്തപുരം∙ എ‍‍ഡിജിപി സുദേഷ്കുമാറിന്റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കറെ പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള കേസിൽ കുടുക്കാ‍ൻ നീക്കം. ഡ്രൈവർ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എഡിജിപിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികൾ വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണു പുതിയ തന്ത്രവുമായി എഡിജിപിയും മകളും രംഗത്തെത്തിയത്. ഇതിനിടെ ഗവാസ്കറെ മർദിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തരേന്ത്യയിലെ പിന്നാക്ക ജാതിയിൽപെട്ട വ്യക്തിയാണു താനെന്നു സുദേഷ്കുമാർ ക്രൈംബ്രാഞ്ചിനോടു പറഞ്ഞിരുന്നു. പിന്നാലെ മകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താൻ വീട്ടിൽ ചെന്നപ്പോഴാണു ഗവാസ്കർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി ആരോപണം ഉന്നയിച്ചത്. തനിക്ക് അർഥമറിയില്ലെന്ന മുഖവുരയോടെ അധിക്ഷേപിക്കാൻ ഉപയോഗിച്ചതായ മലയാളത്തിലെ ഒരു വാക്കും ഇവർ പൊലീസിനോടു പറഞ്ഞു. മ്യൂസിയം പൊലീസും ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയും മൊഴിയെടുത്തപ്പോഴോ അവർക്കു പരാതി നൽകിയപ്പോഴോ ഈ ആരോപണം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല, കേസിൽ കക്ഷിയല്ലാതിരുന്ന സുദേഷ്കുമാർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നേരിട്ടു നൽകിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെയാണ് എഡിജിപിയുടെ മൊഴിയും ക്രൈംബ്രാഞ്ചിനു രേഖപ്പെടുത്തേണ്ടിവന്നത്. അന്വേഷണ സംഘത്തെ സമ്മർദത്തിലാക്കാനുള്ള തന്ത്രമായിരുന്നു അത്.

പൊലീസ് ആസ്ഥാനത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമാണു പുതിയ ആരോപണം പരാതിയിൽ ഉന്നയിച്ചതെന്നാണു സൂചന. ഇതുവഴി ഗവാസ്കറെകൂടി സമ്മർദത്തിലാക്കി കേസ് ഒത്തുതീർപ്പിലാക്കാനുള്ള ശ്രമവും ആലോചനയിലുണ്ട്. അതിനാലാണു കേസ് എടുത്തു രണ്ടാഴ്ചയായിട്ടും ഗവാസ്കറെ മർദിച്ച എഡിജിപിയുടെ മകളെ അറസ്റ്റു ചെയ്യാത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. എന്നാൽ കൊലപാതകശ്രമം അടക്കമുള്ള കുറ്റത്തിനു 307, 326 വകുപ്പുകൾ ചുമത്തണമെന്ന ഗവാസ്കറുടെ ആവശ്യം ക്രൈംബ്രാഞ്ച് ഇതുവരെ പരിഗണിച്ചിട്ടില്ല. മുൻകൂർ ജാമ്യത്തിന് അവർ നീങ്ങാത്തതും കേസ് ഒത്തുതീർപ്പിലാക്കാമെന്ന ഇടനിലക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ്. ഗവാസ്കർ മനഃപൂർവം പൊലീസ് ജീപ്പ് കാലിൽ കയറ്റി പരുക്കേൽപ്പിച്ചെന്നും മോശമായി പെരുമാറിയെന്നും മകൾ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രി രേഖയിലും പരാതിയിലും പൊരുത്തക്കേടുകൾ കണ്ടതോടെ പരാതി വ്യാജമെന്നു വ്യക്തമായി. ഇതിനൊപ്പം കാലിൽ പരുക്കില്ലെന്നു ചികിൽസിച്ച ഡോക്ടർ മൊഴി നൽകി.

വാഹനം ഇടിച്ചതിന്റെ സൂചനയില്ലെന്നു മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലും കണ്ടെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഗവാസ്കർ മോശമായി പെരുമാറിയതിനു സാക്ഷികളില്ല. അതേസമയം എഡിജിപിയുടെ മകളെ വ്യായാമം ചെയ്യിക്കാനെത്തുന്ന വനിതാ പൊലീസിനെകൊണ്ടു വ്യാജ പരാതി നൽകിക്കാനുള്ള നീക്കവും പൊളിഞ്ഞു. പൊലീസ് സ്പോർട്സ് ടീമിലെ അംഗമാണ് ഇവർ. ഗവാസ്കറിന്റെ കഴുത്തിൽ സാരമായി പരുക്കേറ്റിട്ടുണ്ടെന്നതിന് ആശുപത്രി രേഖകൾ തെളിവാണ്. ഗവാസ്കറിന്റെ പരാതിക്കു ദൃക്സാക്ഷിയും ഉണ്ട്.

തനിക്കെതിരെയുള്ള കള്ളപ്പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്ന ഗവാസ്കറുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത നാലിനു മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. പരാതി വ്യാജമാണെന്നു പൊലീസ് റിപ്പോർട്ട് നൽകിയാൽ ആ കേസ് കോടതി റദ്ദാക്കും. അതൊഴിവാക്കാനും അന്വേഷണ സംഘത്തിനുമേൽ കടുത്ത സമ്മർദമാണ്. ഇതിനിടെ എഡിജിപിയുടെ വാഹനത്തിന്റെ ഫൊറൻസിക് പരിശോധന, സ്ഥല പരിശോധന എന്നിവ നടത്തി.