കെഎസ്ആർടിസിക്ക്‌ തീം സോങ്; ജീവനക്കാർ പാടും, തച്ചങ്കരി ഈണമിടും

തിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിൻ തച്ചങ്കരിയാണ് ആശയത്തിനു പിന്നിൽ. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാൻ ജീവനക്കാരോട് അഭ്യർഥിച്ചിരിക്കുകയാണ്. മികച്ച വരികൾ തിരഞ്ഞെടുത്തു കെഎസ്ആർടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും.

കെഎസ്ആർടിസി ജീവനക്കാരെ ഉൾപ്പെടുത്തി പാട്ട് ദൃശ്യവൽക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നൽകി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയിൽ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടിൽ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആർടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളർ ടോണുമാകും.