Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംഗസംഘടനകളുടെ യോഗം വിളിച്ച് ഫെഫ്ക

fefka

കൊച്ചി ∙ സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ ട്രേഡ് യൂണിയൻ കൂട്ടായ്മയായ ‘ഫെഫ്ക’യിൽ രാഷ്ട്രീയ കക്ഷികളുടെ മാതൃകയിൽ അംഗസംഘടനകൾക്കു റിപ്പോർട്ടിങ്. ചലച്ചിത്ര മേഖലയിലെ പ്രകമ്പനങ്ങളുടെ പശ്ചാത്തലത്തിലാണു വിവിധ തൊഴിൽ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന അംഗ സംഘടനകൾക്കായി യോഗം വിളിച്ചതും സാഹചര്യങ്ങൾ വിശദീകരിച്ചു പിന്തുണ നേടിയതും.

പിന്നീടു നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ യോഗത്തിലും ദിലീപ് സംഭവങ്ങളും അതിന്റെ തുടർച്ചയായി ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്) നടത്തിയ പ്രതികരണങ്ങളും ചർച്ചയായി. ദിലീപിനെ ഫെഫ്കയിൽനിന്നു പുറത്താക്കിയത് എന്തിനാണെന്നു ‘രാമലീല’യുടെ സംവിധായകൻ അരുൺ ഗോപി ചോദിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണു പുറത്താക്കിയതെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നു കോടതി വിധിച്ചാൽ തീരുമാനം പുനഃപരിശോധിക്കുമെന്നും നേതൃത്വം വിശദീകരണം നൽകിയതോടെ ദിലീപ് ചർച്ച അവസാനിച്ചു.

അതേസമയം, ഫെഫ്കയ്ക്ക് എതിരെ ഒരു മാധ്യമം തെറ്റായ വാർത്തകൾ ചമയ്ക്കുകയാണെന്നു രഞ്ജി പണിക്കർ ഉൾപ്പെടെയുള്ളവർ വിമർശനം ഉയർത്തി. ഇത്തരം വിമർശനങ്ങൾ‍ക്കു സംഘടനാവേദിക്കു പുറത്തു പരസ്യമറുപടി പറയേണ്ടെന്ന നിലപാടാണു നേതൃത്വം സ്വീകരിച്ചത്. അമ്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാലിനു യോഗത്തിൽ സ്വീകരണം നൽകി. ഫെഫ്കയും അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്നു സംഘടിപ്പിക്കുന്ന താരനിശ സംബന്ധിച്ചു പ്രാഥമിക ചർച്ചകളും നടന്നു. ഈ വർഷംതന്നെ ഷോ സംഘടിപ്പിക്കാനാണു തീരുമാനം.

യോഗത്തിൽ മാധ്യമങ്ങൾക്കെതിരെ പൊതു വിമർശനമല്ല ഉണ്ടായതെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വ്യാജമായ വാർത്തകൾ പുറത്തുവരുമ്പോൾ പ്രതികരണമുണ്ടാകുന്നതും അതു സംഘടനയുടെ വേദിയിൽ ഉന്നയിക്കുന്നതും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

related stories