തിരുവനന്തപുരം മുതൽ കാസർകോട് വരെ എസി ലോ ഫ്ലോർ ബസുകളുടെ ചെയിൻ

തിരുവനന്തപുരം∙ തിരുവനന്തപുരം മുതൽ കാസർകോട് വരെ എസി ലോ ഫ്ലോർ ബസുകളുടെ ചെയിൻ സർവീസുമായി കെഎസ്ആർടിസി. ജൻറം പദ്ധതിയുടെ കീഴിൽ നിലവിൽ സർവീസ് നടത്തുന്ന 219 എസി ലോ ഫ്ലോർ ബസുകളെയാണ് ചിൽ ബസ് എന്ന പേരിൽ ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാന വ്യാപകമായി വിന്യസിക്കുന്നതെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

തിരുവനന്തപുരം– കൊച്ചി, കൊച്ചി– കോഴിക്കോട്, കോഴിക്കോട്– കാസർകോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. പുലർച്ചെ അഞ്ച്​ മുതൽ രാത്രി 10 വരെ ഓരോ മണിക്കൂർ ഇടവിട്ടായിരിക്കും സർവീസ്. രാത്രി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ രണ്ടുമണിക്കൂർ ഇടവിട്ടു സർവീസുണ്ടാകും. ഓൺലൈൻ ആയി സീറ്റ് ബുക്ക് ചെയ്യാം. മൊബൈൽ ആപും ട്രാഫിക് ഇൻഫർമേഷൻ സംവിധാനവും നിലവിൽ വരുന്നതോടെ ഭാവിയിൽ ബസുകളുടെ തൽസമയ വിവരങ്ങളും ലഭ്യമാകും.

പല ഡിപ്പോകൾക്കു പകരം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ ഡിപ്പോകൾ മാത്രം ആസ്ഥാനമാക്കിയാണ് എസി ലോ ഫ്ലോർ ബസുകൾ സർവീസ് നടത്തുക. അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കാനും സ്​പെയർ ബസുകൾ ഉപയോഗപ്പെടുത്താനും സാങ്കേതികജീവനക്കാരുടെ എണ്ണം കുറക്കാനും ഇതിലൂടെ കഴിയും.

ചിൽ ബസ്​ റൂട്ടുകൾ ഇങ്ങനെ

തിരുവനന്തപുരം - എറണാകുളം ( ആലപ്പുഴ, കോട്ടയം റൂട്ടുകളിൽ പകൽ ഓരോ മണിക്കൂറും രാത്രി രണ്ടുമണിക്കൂറും ഇടവിട്ട്) എറണാകുളം-കോഴിക്കോട്​ (പകൽ ഓരോ മണിക്കൂറും രാത്രി രണ്ടുമണിക്കൂറും ഇടവിട്ട് ) കോഴിക്കോട്​-കാസർകോട്​ (പകൽ ഓരോ മണിക്കൂറിലും) എറണാകുളം- മൂന്നാർ (രാവിലെയും വൈകിട്ടും ഓ​േരാ സർവീസുകൾ) എറണാകുളം-കുമളി (പകൽ ഓരോ മൂന്ന്​ മണിക്കൂറിലും) എറണാകുളം -തൊടുപുഴ (പകൽ ഓരോ രണ്ട്​ മണിക്കുറിലും) തിരുവനന്തപുരം- പത്തനംതിട്ട (രാവിലെ രണ്ട്​ സർവീസുകൾ, വൈകിട്ട് തിരികെ) എറണാകുളം-ഗുരുവായൂർ (രാവിലെ രണ്ട്​ സർവീസുകൾ, വൈകിട്ട് തിരികെ) കോഴിക്കോട്​- പാലക്കാട്​ (പകൽ ഒ​ാരോ രണ്ട്​ മണിക്കൂറിലും) എറണാകുളം- പാലക്കാട്​ (പകൽ ഓരോ രണ്ട്​ മണിക്കൂറിലും)