ഗവാസ്കർ സംഭവം: കേസുകൾ റദ്ദാക്കണമെന്ന ഹർജികൾ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക്

കൊച്ചി ∙ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ പരാതിയിലുള്ള കേസ് റദ്ദാക്കാൻ എഡിജിപിയുടെ മകൾ നൽകിയ ഹർജിയും പെൺകുട്ടിയുടെ പരാതിയിലുള്ള കേസ് റദ്ദാക്കാൻ ഗവാസ്കർ നൽകിയ ഹർജിയും ഒരുമിച്ചു പരിഗണിക്കണോ എന്ന കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്ക്. പെൺകുട്ടിയുടെ ഹർജിയെ സർക്കാർ എതിർത്തു.

ഗവാസ്കറെ അസഭ്യം പറഞ്ഞെന്നും സെൽഫോൺ കൊണ്ടു മുഖത്തടിച്ചെന്നുമാരോപിച്ചുള്ള കേസിൽ എഡിജിപിയുടെ മകൾ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതിയാണു ബന്ധപ്പെട്ട കേസുകൾ ഒന്നിച്ചാക്കണോ എന്നറിയാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ റജിസ്ട്രിയോടു നിർദേശിച്ചത്. ഗവാസ്കർ തള്ളിയിട്ടപ്പോൾ തിരിച്ചു തള്ളിയതാണെന്ന് എഡിജിപിയുടെ മകളുടെ അഭിഭാഷകൻ ബോധിപ്പിച്ചു. അങ്ങോട്ടു തള്ളിയതാണോ തിരിച്ചു തള്ളിയതാണോ എന്നൊക്കെ പൊലീസ് കണ്ടുപിടിക്കട്ടെയെന്നും ഹർജിക്കാരി സീനിയർ പൊലീസ് ഓഫിസറുടെ മകളാണെന്നും കോടതി പരാമർശിച്ചു.

ഗവാസ്കറുടെ മെഡിക്കൽ റിപ്പോർട്ടനുസരിച്ചു ഗുരുതര പരുക്കില്ലെന്നു ഹർജിഭാഗം വാദിച്ചപ്പോൾ മെഡിക്കൽ റിപ്പോർട്ടിന്റെ പേരിൽ തുടക്കത്തിലേ കേസ് റദ്ദാക്കാൻ അനുവദിക്കരുതെന്നു പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ, ഗവാസ്കറിന്റെ ഹർജിയിൽ സർക്കാരിന് ഈ നിലപാട് അല്ലല്ലോ എന്നായി ഹർജിഭാഗം. തുടർന്നാണു രണ്ടു കേസുകളും ഒന്നിച്ചു പരിഗണിക്കുന്നതിന്റെ സാധ്യത കോടതി ആരാഞ്ഞത്. താൻ പിതാവിനോടു പരാതിപ്പെട്ടതിന്റെ ദേഷ്യം തീർക്കാൻ പ്രഭാതസവാരി കഴിഞ്ഞു മടങ്ങുമ്പോൾ തനിക്കും അമ്മയ്ക്കുമെതിരെ ഡ്രൈവർ ആക്രോശിച്ചെന്നും തുടർന്നു കാറിൽ നിന്നിറങ്ങി തങ്ങൾ ഓട്ടോയ്ക്കു പോകാനൊരുങ്ങിയെന്നും മറന്നുവച്ച ഐപോഡ് എടുക്കാൻ തിരികെ ചെന്നപ്പോൾ അസഭ്യം പറഞ്ഞു ഡ്രൈവർ പിടിച്ചു തള്ളിയെന്നും മറ്റും ആരോപിച്ചാണു പെൺകുട്ടിയുടെ ഹർജി.