കൊട്ടിയൂർ പീഡനം: ഹർജികൾ സുപ്രീം കോടതി 26ന് പരിഗണിക്കും

ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ചതു സംബന്ധിച്ച കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അഞ്ചുപേർ നൽകിയ ഹർജികൾ‍ 26നു വാദത്തിനു പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അടുത്ത മാസം ഒന്നിനു വിചാരണക്കോടതിയിൽ വാദം തുടങ്ങുമെന്നതു കണക്കിലെടുത്താണ് ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചിന്റെ നടപടി.

കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദർ അലി, സിസ്റ്റർ ആൻസി മാത്യു, വയനാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഫാ. തോമസ് ജോസ് തേരകം, സമിതി അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിവരാണു ഹർജിക്കാർ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചതു സംബന്ധിച്ച കേസാണെന്നും ഗൗരവം കണക്കിലെടുക്കുമ്പോൾ ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ പാടില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി കെ.എൻ.ബാലഗോപാലും സ്റ്റാൻഡിങ് കൗൺസൽ വിപിൻ നായരും വാദിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം സംബന്ധിച്ച വിവരങ്ങൾ പോക്സോ നിയമപ്രകാരം കൈകാര്യം ചെയ്തില്ലെന്നതാണ് ഹർജിക്കാർക്കെതിരെയുള്ള പ്രധാന കുറ്റം. ഫാ. തോമസ് തേരകത്തിനും സിസ്റ്റർ ബെറ്റിക്കുമെതിരെ ഗൂഢാലോചനക്കുറ്റവുമുണ്ട്. ഹർജിക്കാർക്കുവേണ്ടി ആർ.ബസന്തും രാഗേന്ദ് ബസന്തും ഹാജരായി.