70 ലക്ഷം തിരിച്ചു കിട്ടാൻ 25 ലക്ഷം പൊലീസിന് കൈക്കൂലി: അന്വേഷണം തുടങ്ങി

കോട്ടയം∙ മംഗലാപുരത്തു മെഡ‍ിക്കൽ സീറ്റിനു നൽകിയ 70 ലക്ഷം രൂപ തിരികെ വാങ്ങിക്കൊടുത്തതിനു പൊലീസ് 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മംഗലാപുരത്തെ ഒരു മെഡിക്കൽ കോളജിൽ രണ്ട് എംബിബിഎസ് സീറ്റുകൾ ലഭിക്കുന്നതിനു സിനിമാ നിർമാതാവ് പുതുപ്പള്ളി സ്വദേശി പ്രകാശ് ദാമോദരൻ 70 ലക്ഷം രൂപ കൊടുത്തെന്നും അംഗീകാരമില്ലാത്ത സീറ്റുകളിലേക്കാണു പ്രവേശനം ലഭിച്ചതെന്നു മനസ്സിലായതോടെ പണം തിരികെ ചോദിച്ചെങ്കിലും കോളജ് അധികൃതർ നൽകിയില്ലെന്നുമാണു കേസ്.

കോട്ടയം ഈസ്റ്റ് പൊലീസ് രഹസ്യമായി മംഗലാപുരത്തു പോയി കോളജ് അധികൃതരെ കസ്റ്റഡിയിൽ എടുത്തു വിരട്ടി 70 ലക്ഷം തിരികെ കൊടുപ്പിച്ചെന്നും ഇതിനുള്ള പ്രതിഫലമായി 25 ലക്ഷം വാങ്ങിയെന്നുമാണു വിവാദം.

പൊലീസ് കൈക്കൂലി വാങ്ങിയെന്നു ഡിജിപിക്കാണു പരാതി ലഭിച്ചത്. ഇതെത്തുടർന്നാണു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ അന്വേഷണം പ്രഖ്യാപിച്ചത്. അന്നത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കേസെടുത്താണു പൊലീസ് അന്വേഷണം നടത്തിയതെന്നു കേസ് അന്വേഷിച്ച സിഐ സാജു വർഗീസ് പൊലീസ് മേധാവിക്കു വിശദീകരണം നൽകി.

പ്രകാശ് ദാമോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് തയാറാക്കി മേലുദ്യോഗസ്ഥരുടെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷമാണു കേസിന്റെ അന്വേഷണം നടത്തിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസ് ഇതുവരെ തീർന്നിട്ടില്ല. അന്വേഷണം തുടരുകയാണ് – സിഐ സാജു വർഗീസ് പറയുന്നു.

എംബിബിഎസ് പ്രവേശനത്തിനായി നൽകിയ 70 ലക്ഷം രൂപ തട്ടിയെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണു പൊലീസിനെ സമീപിച്ചതെന്നും ആർക്കും കോഴ കൊടുത്തിട്ടില്ലെന്നും മെഡിക്കൽ കോളജ് ഉടമകൾ നൽകിയ ചെക്ക് മടങ്ങിയതു സംബന്ധിച്ചു മാർച്ചിൽ കോട്ടയം സിജെഎം കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും നിർമാതാവ് പ്രകാശ് ദാമോദരൻ അറിയിച്ചു.

സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പാർഥസാരഥി പിള്ള പൊലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചു. സിഐ സാജു വർഗീസിന്റെയും അന്നു മംഗലാപുരത്തിനു പോയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും വിശദീകരണം അടുത്ത ദിവസം തേടും.

സംഭവം ഇങ്ങനെ

ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ നിർമാതാവ് പ്രകാശ് ദാമോദരൻ തന്റെ ഇരട്ടക്കുട്ടികൾക്ക് മംഗലാപുരത്തെ മെഡിക്കൽ കോളജിൽ രണ്ടു സീറ്റുകൾക്ക് 70 ലക്ഷം രൂപ ബാങ്ക് വഴി നൽകിയതോടെയാണു സംഭവങ്ങൾക്കു തുടക്കം. 150 സീറ്റുകൾക്ക് അംഗീകാരമുള്ള കോളജ് 153 കുട്ടികളെ പ്രവേശിപ്പിച്ചെന്നു മെഡിക്കൽ കൗൺസിൽ പരിശോധനയിൽ കണ്ടെത്തിയതോടെ മൂന്നു കുട്ടികൾ പുറത്തായി. ഇതോടെ 70 ലക്ഷം രൂപ തിരികെ ചോദിച്ചെങ്കിലും കോളജ് അധികൃതർ തിരികെ നൽകിയില്ല.

ഇതെത്തുടർന്നു കഴിഞ്ഞ നവംബറിൽ പൊലീസിൽ പരാതി നൽകി. അന്നത്തെ ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീഖിന്റെ നിർദേശപ്രകാരം ഈസ്റ്റ് സിഐ സാജു വർഗീസ് നടത്തിയ അന്വേഷണത്തിൽ കോളജ് ഉടമയെ ഒന്നാം പ്രതിയാക്കി എട്ടു പേർക്കെതിരെ കേസെടുത്തു. സിഐയുടെ നേതൃത്വത്തിൽ ആറംഗ സംഘം മംഗലാപുരത്തു പോയെങ്കിലും കോളജ് ഉടമയെ കണ്ടെത്തിയില്ല.

തുടർന്ന് ഇടനിലക്കാരനായ അഞ്ചാംപ്രതിയെ കർണാടക പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുത്തു കോട്ടയത്ത് എത്തിച്ചു. പ്രകാശ് ദാമോദരന് 50 ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ബാക്കി തുക വാങ്ങിക്കൊടുക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തതോടെ അഞ്ചാം പ്രതിയെ ജാമ്യത്തിൽ വിട്ടു. എന്നാൽ 50 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതോടെ പ്രകാശ് ദാമോദരൻ സിവിൽ കേസും നൽകി.