Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിക്കെതിരെ വിമർശനം; തീരുമാനം ജനതാദൾ കേന്ദ്ര നേതൃത്വത്തിന്റേത്

Mathew T. Thomas

കൊച്ചി∙ മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ആവശ്യത്തിൻമേൽ അന്തിമ തീരുമാനം എടുക്കേണ്ടതു ജനതാദൾ (എസ്) കേന്ദ്ര നേതൃത്വം. കൊച്ചിയിൽ സമാപിച്ച പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിലും സംസ്ഥാന കൗൺസിലിലും അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നുവെങ്കിലും ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി അതു തുറന്നു സമ്മതിക്കാൻ തയാറായില്ല. 

‘‘സംസ്ഥാന കൗൺസിലിലും എക്സിക്യൂട്ടീവിലും മന്ത്രിയെ സംബന്ധിച്ചും സംസ്ഥാന പ്രസിഡന്റിനെക്കുറിച്ചുമെല്ലാമുണ്ടായ അഭിപ്രായങ്ങൾ ദേശീയ നേതൃത്വത്തെ അറിയിക്കും. പല പ്രശ്നങ്ങളും ചർച്ച ചെയ്തു. അതെല്ലാം വെളിപ്പെടുത്താനാകില്ല’’ - അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയും ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നു ഡാനിഷ് അലി പറഞ്ഞു. കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ദേശീയതലത്തിൽ ബിജെപിക്കെതിരെ അണിനിരത്തുന്നതിനായി മുൻകയ്യെടുക്കാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയോട് അഭ്യർഥിച്ചിട്ടുണ്ട്. ബിജെപിക്കെതിരായി പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന്റെ പൈലറ്റ് പ്രോജക്ടായിരുന്നു കർണാടകയിലേത്. അതു രാജ്യവ്യാപകമായി തുടരും. 

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി 28 നു കേരളം സന്ദർശിക്കും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ ധർണ നടത്താനും പാലക്കാട്ടു കർഷക റാലി നടത്താനും തീരുമാനിച്ചതായും ഡാനിഷ് അലി പറഞ്ഞു.