Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: പ്രതിക്കൂട്ടിൽ പൊലീസും; റെയ്ഡ് വിവരം ചോർന്നതിന് എസ്െഎയ്ക്കെതിരെ തെളിവ്

abhimanyu-sfi-maharajas

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊലചെയ്യപ്പെട്ട കേസിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘം നടത്തിയ തിരച്ചിലിന്റെ വിവരങ്ങൾ ചോർത്തിയ നാല് ഉദ്യോഗസ്ഥർക്കെതിരെ രഹസ്യാന്വേഷണം. എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർക്കെതിരെ സ്പെഷൽ ബ്രാഞ്ച് തെളിവു ശേഖരിച്ചു. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. 

സംഭവം സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തേക്കു റിപ്പോർട്ട് ചെയ്ത മൂവാറ്റുപുഴയിലെ ഡിവൈഎസ്പിയെ അജ്ഞാതൻ ജാതി പറഞ്ഞു ഫോണിൽ ഭീഷണിപ്പെടുത്തി. പൊലീസിലെ വർഗീയ ചേരിതിരിവു വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധിക്കുന്നു. 

അഭിമന്യുവിനു കുത്തേറ്റു പത്തു മിനിറ്റിനകം കൊച്ചിയിലെ ടൗൺ സൗത്ത്, സെൻട്രൽ, ടൗൺ നോർത്ത്, കടവന്ത്ര പൊലീസ് സ്റ്റേഷനുകളിൽ വിവരമറിഞ്ഞു. കുത്തേറ്റ് അഞ്ചുമിനിറ്റിനകം മഹാരാജാസിനു തൊട്ടടുത്തുള്ള എറണാകുളം ജനറൽ ആശുപത്രിയിൽ അഭിമന്യുവിനെ എത്തിച്ചിരുന്നു. ആശുപത്രിയിൽനിന്നു പൊലീസ് കൺട്രോൾ റൂമിലേക്കു വിവരം കൈമാറി. എന്നിട്ടും പൊലീസ് പ്രതികരിക്കാൻ അരമണിക്കൂറിലേറെ വൈകിയതാണു സംശയങ്ങൾക്കിടയാക്കിയത്. 

മഹാരാജാസ് കോളജിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലാണു നാലു സ്റ്റേഷനുകളും. അർധരാത്രിക്കു ശേഷം നഗരത്തിലെ മുഴുവൻ റോഡുകളും ഒഴിഞ്ഞുകിടക്കുന്ന സമയത്തു അഞ്ചു മിനിറ്റ് കൊണ്ട് എത്താമായിരുന്നിട്ടും നാലു സ്റ്റേഷനുകളിലെയും പൊലീസ് വൈകി. നാലിടത്തും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും മുൻകൂട്ടി അറിയിക്കാതെ അവധിയെടുത്തവരുടെയും വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്.

പട്രോളിങ് മുടങ്ങി; വിവരമറിഞ്ഞിട്ടും പരിശോധന നടന്നില്ല

∙ കൊലപാതക വിവരം അറിഞ്ഞിട്ടും സമീപത്തെ പൊലീസ് സ്റ്റേഷനുകളോടു ചേർന്നുള്ള എംജി റോഡ്, ഷൺമുഖം റോഡ്, ബാനർജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തിയില്ല. പ്രതികൾക്കു നഗരത്തിനു പുറത്തുകടക്കാനുള്ള വഴികൾ ഇവ മാത്രം. അര മണിക്കൂറിനുള്ളിൽ നാലു പ്രതികൾ ഓട്ടോറിക്ഷയിൽ കടന്നുപോയതു സൗത്ത് സ്റ്റേഷനു മുന്നിലൂടെ. 

∙ കൊച്ചി നഗരത്തിലെ പതിവു നൈറ്റ് പട്രോളിങ്ങും വാഹനപരിശോധനയും അന്നു മുടങ്ങി.

∙ പൊലീസിന്റെ നിരീക്ഷണ ക്യാമറകളിൽ ഒന്നിൽനിന്നു പോലും പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. ലഭിച്ചതു സ്വകാര്യ ക്യാമറകളിൽ നിന്നു മാത്രം. 

∙ ഒളിവിൽ പോയ മുഖ്യപ്രതികളിൽ അഞ്ചുപേർക്കു പാസ്പോർട്ടുണ്ടെന്നു മനസ്സിലാക്കിയിട്ടും വിമാനത്താവളങ്ങളിൽ ജാഗ്രതാ നോട്ടിസ് നൽകിയത് അഞ്ചു ദിവസത്തിനു ശേഷം. 

∙ മറ്റു പല ഉദ്യോഗസ്ഥരുമുണ്ടായിരുന്നിട്ടും ഹൃദയാഘാതത്തെ തുടർന്നു ചികിൽസയിലായിരുന്ന അസി.കമ്മിഷണറെ വിളിച്ചുവരുത്തി ഭാരിച്ച അന്വേഷണച്ചുമതല ഏൽപിച്ചു.