മണമുണ്ടായാൽ മാത്രം മദ്യമാകില്ലെന്നു ഹൈക്കോടതി

കൊച്ചി ∙ വ്യക്തികൾക്കെതിരെ കേസെടുക്കാൻ കാരണമാകുന്ന ‘മദ്യം’ മദ്യമാകണമെങ്കിൽ മണം മാത്രം പോരാ, ശാസ്ത്രീയ പരിശോധനാഫലവും വേണമെന്നു ഹൈക്കോടതി. പൊതുസ്ഥലത്തു മദ്യം കഴിച്ചതിനു അബ്കാരി നിയമപ്രകാരം കേസെടുക്കണമെങ്കിൽ പ്രതി കഴിച്ചതും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതും മദ്യം തന്നെയാണെന്നു തെളിയിക്കണം. മദ്യത്തിന്റെ മണമുണ്ടാകുന്നതു മദ്യം കഴിച്ചതു കൊണ്ടാവണമെന്ന് എല്ലായ്പോഴും നിർബന്ധമില്ലെന്നു കോടതി വ്യക്തമാക്കി.

വൈക്കം താലൂക്ക് ആശുപത്രിയുടെ മുന്നിലുള്ള റോഡരികിൽ മദ്യപിച്ചെന്ന് ആരോപിച്ചു മജിസ്ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കാൻ വൈക്കം സ്വദേശി എം.കെ. മുകേഷ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണു ജസ്റ്റിസ് പി. ഉബൈദിന്റെ ഉത്തരവ്. അറസ്റ്റിനുശേഷം ആൽകോ മീറ്റർ ടെസ്റ്റ് നടത്തിയെങ്കിലും 100 മില്ലി ലീറ്റർ ശ്വാസത്തിൽ മദ്യത്തിന്റെ അളവ് 12777.3 മില്ലി ഗ്രാം എന്ന വിചിത്രമായ റീഡിങ് ആണുണ്ടായത്. യന്ത്രത്തകരാർ മൂലം ഫലം തെറ്റാണെന്നു പൊലീസ് വിശദീകരിച്ചു. അബ്കാരി നിയമം 15 (സി) അനുസരിച്ചു കേസ് നിലനിൽക്കണമെങ്കിൽ പൊതുസ്ഥലത്തു മദ്യം കഴിച്ചതായി തെളിയണമെന്നു കോടതി വ്യക്തമാക്കി.

ഒരു ലീറ്ററിന്റെ മദ്യകുപ്പിയിൽ 50 മില്ലി ലീറ്റർ മദ്യം മാത്രമാണു പിടിച്ചെടുത്തത്. അതു രാസപരിശോധനയ്ക്ക് അയച്ചിട്ടുമില്ല. ആൽകോ മീറ്റർ റീഡിങ് തെറ്റായതിനാൽ അത് ആശ്രയിക്കാനാവില്ല. ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ മദ്യത്തിന്റെ മണം തിരിച്ചറിഞ്ഞു ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുക മാത്രമാണുണ്ടായത്. മദ്യത്തിന്റെ മണം മാത്രം ആധാരമാക്കരുതെന്നു കോടതിയുടെ മുൻഉത്തരവുകളുണ്ട്. മണവും രുചിയും പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി പ്രോസിക്യൂഷൻ ആധാരമാക്കുകയും ആൽകോ മീറ്റർ പരിശോധനാ ഫലം ഇല്ലാതിരിക്കുകയും ചെയ്താൽ ആശുപത്രിയിലെത്തിച്ചു രക്തം പരിശോധിച്ചു മദ്യത്തിന്റെ അളവു കണ്ടെത്തണം. ഈ കേസിൽ ലാബ് പരിശോധന ഉണ്ടായില്ല. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ശാസ്ത്രീയ തെളിവുകളില്ല. കേസ് നടപടി തുടരുന്നതിൽ കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. 

മദ്യത്തിന്റെ അംശം കണ്ടെത്താൻ

പൊതുസ്ഥലത്തെ മദ്യപാനം സ്ഥിരീകരിക്കാൻ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുന്നതു സംബന്ധിച്ച വ്യവസ്ഥ അബ്കാരി നിയമത്തിൽ ഇല്ലെങ്കിൽ മോട്ടോർ വാഹന നിയമത്തിൽ പറയുന്ന രീതി പിന്തുടരാമെന്നു കോടതി വ്യക്തമാക്കി. മദ്യപിച്ചു വാഹനമോടിക്കുന്ന സാഹചര്യങ്ങളിൽ രക്തത്തിൽ മദ്യത്തിന്റെ അളവു കണ്ടെത്തുന്ന നടപടിക്രമമാണു മോട്ടോർ വാഹന നിയമത്തിൽ പറയുന്നത്. ശ്വാസ പരിശോധന സാധ്യമല്ലെങ്കിൽ ആശുപത്രിയിലെത്തിച്ചു രക്തസാംപിൾ എടുത്ത് ലാബ് പരിശോധനയ്ക്കു വിധേയമാക്കുന്നതാണു രീതി.