വനിതാ കണ്ടക്ടർമാർ ആ ജോലിതന്നെ ചെയ്യണം: കോടതി

കൊച്ചി ∙ കെഎസ്ആർടിസിയിൽ വനിതാ കണ്ടക്ടറായി ജോലിക്കു കയറിയവർ ആ ജോലിതന്നെ ചെയ്യണമെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതര ഡ്യൂട്ടികൾ അവസാനിപ്പിച്ച കെഎസ്ആർടിസി എംഡിയുടെ ഉത്തരവു ശരിവച്ചാണു കോടതി നടപടി. എംഡിയുടെ ഉത്തരവിനെതിരെ ശരണ്യ മോഹൻ തുടങ്ങി ഒരുകൂട്ടം വനിതാ കണ്ടക്ടർമാർ സമർപ്പിച്ച ഹർജി തള്ളിയാണു കോടതി നടപടി.

കണ്ടക്ടർമാരുടെ കുറവുമൂലം സർവീസുകൾ മുടങ്ങുന്ന സാഹചര്യത്തിലായിരുന്നു എംഡി ടോമിൻ തച്ചങ്കരിയുടെ ഉത്തരവ്. ജോലിക്കു കയറിയ തസ്തികയിലല്ലാതെ മറ്റു തസ്തികയിൽ ജോലിചെയ്യുന്നവർ അതതു തസ്തികയിൽ തിരിച്ചുവരണമെന്നായിരുന്നു നിർദേശം. ഇതിനിടെ, മറ്റേതാനും ഹർജികളിൽ ക്ലാർക്കുമാരുടെ ഡ്യൂട്ടി സമയം എട്ടുമണിക്കൂറാക്കിയതും കോടതി ശരിവച്ചു. ആർ.എസ്. അനിൽ തുടങ്ങിയവരാണ് ഇക്കാര്യത്തിൽ ഹർജി നൽകിയത്.