ഐപിഎസ് യോഗത്തിൽ ‘മാടമ്പി’ പ്രയോഗവുമായി തച്ചങ്കരി; വിവാദം

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം ചേർന്ന ഐപിഎസ് അസോസിയേഷൻ യോഗത്തിൽ എഡിജിപി ടോമിൻ തച്ചങ്കരിയുടെ ‘മാടമ്പി’ പ്രയോഗം വിവാദമായി. അസോസിയേഷനിൽ കാലാകാലങ്ങളായി ഒരുതരം മാടമ്പി സ്വഭാവമാണുള്ളതെന്നും തിരഞ്ഞെടുപ്പ് വേണമെന്നുമാണു തച്ചങ്കരി പ്രസംഗത്തിൽ പറഞ്ഞത്. ചില മാടമ്പിമാർ കസേരയിലിരുന്നു തീരുമാനങ്ങൾ എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ഡിജിപി എ.ഹേമചന്ദ്രൻ അധ്യക്ഷക്കസേരയിൽ ഇരിക്കുമ്പോഴായിരുന്നു ഇത്.

അപ്പോൾ തന്നെ ഹേമചന്ദ്രൻ ഇടപെട്ടു. പരമ്പരാഗതമായി അസോസിയേഷൻ യോഗത്തിൽ, അതിൽ പങ്കെടുക്കുന്ന ഏറ്റവും സീനിയർ ഉദ്യോഗസ്ഥനാണ് അധ്യക്ഷനാകുന്നതെന്നും അങ്ങനെ ആ കസേരയിൽ ഇരിക്കുന്നവരെ മാടമ്പിമാർ എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർ ഇത്തരത്തിൽ അധ്യക്ഷക്കസേരയിൽ ഇരുന്നിട്ടുള്ളതും ഹേമചന്ദ്രൻ ഓർമിപ്പിച്ചു. മാടമ്പിയുടെ അർഥം വേറെയാണെന്നും ആ അർഥത്തിലല്ല ടോമിൻ പ്രസംഗിച്ചതെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആ അർഥത്തിലല്ല പറഞ്ഞതെന്ന് അതോടെ തച്ചങ്കരി തിരുത്തി. അതിനാൽ മറ്റാരും വിഷയം ഏറ്റുപിടിച്ചില്ല.

തച്ചങ്കരിയും 30 ഐപിഎസ് ഉദ്യോഗസ്ഥരും രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണു പൊലീസ് ആസ്ഥാനത്ത് അസോസിയേഷൻ യോഗം ചേർന്നത്. അസോസിയേഷന്റെ കരടു നിയമാവലി അംഗീകരിക്കണമെന്നും പുതിയ പ്രസിഡന്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കണമെന്നുമായിരുന്നു യോഗത്തിലെ ആവശ്യം. എന്നാൽ, പ്രസംഗിച്ച ഭൂരിപക്ഷം പേരും കരടു നിയമാവലിയെക്കുറിച്ചു പഠിക്കണമെന്നും അതു ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുമെന്നും അവർ ചോദിച്ചു. കുട്ടി ജനിക്കണമെങ്കിൽ ആദ്യം വിവാഹം നടക്കട്ടെയെന്ന് ഒരംഗം പറഞ്ഞു. എറണാകുളം റൂറൽ എസ്പി രാഹുൽ നായരാണു മുഖ്യമായും തച്ചങ്കരിയെ പിന്തുണച്ചത്.

യോഗം വിളിക്കണമെന്ന കത്തിൽ ഒപ്പിട്ട മറ്റു പലരും നിഷ്പക്ഷ നിലപാടെടുത്തു. അതോടെ, കരടു നിയമാവലി പഠിക്കാൻ അഞ്ചംഗ സമിതിയെ യോഗം നിയോഗിച്ചു. രാഹുൽ നായരെയും ഇതിൽ ഉൾപ്പെടുത്തി. മാത്രമല്ല, ഐപിഎസ് അസോസിയേഷൻ സൊസൈറ്റി നിയമപ്രകാരം റജിസ്റ്റർ ചെയ്താൽ പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ഈ ആവശ്യം ഉന്നയിക്കുമെന്നും അഭിപ്രായമുണ്ടായി. അതോടെ തിരഞ്ഞെടുപ്പ് നടന്നില്ല. തച്ചങ്കരിയെ പ്രസിഡന്റും എറണാകുളം ഐജി വിജയ് സാക്കറെയെ സെക്രട്ടറിയുമാക്കാനും ഭരണസമിതി കാലാവധി രണ്ടു വർഷമാക്കാനും യോഗത്തിനു മുൻപേ നീക്കം നടന്നിരുന്നു. ഒക്ടോബർ 16ന് ആണ് അടുത്ത യോഗം. 45 ഐപിഎസുകാർ യോഗത്തിൽ പങ്കെടുത്തു.