Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ - അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ് സീസൺ–3നു തുടക്കം

Chuttuvattam-Award മനോരമ ഓൺലൈനും അസെറ്റ്ഹോംസും ചേർന്നൊരുക്കുന്ന ചുറ്റുവട്ടം റസിഡന്റ്സ് അസോസിയേഷൻ അവാർഡ് സീസൺ–3 മന്ത്രി കെ.ടി.ജലീൽ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നു. മനോരമ ഓൺലൈൻ കണ്ടന്റ് കോ-ഓർഡിനേറ്റർ ജോവി എം.തേവര, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, അസെറ്റ്ഹോംസ് എംഡി വി.സുനിൽകുമാർ എന്നിവർ സമീപം.

തിരുവനന്തപുരം∙ മാലിന്യമുക്തമായ നാടിന്റെ നിർമിതിക്കു മലയാളികളുടെ ചിന്താഗതി മാറണമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീൽ. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് സർക്കാർ ഭൂമിയിൽ ഉടൻ യാഥാർഥ്യമാക്കും. മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളാണു സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചിയെ നന്നാക്കിയാൽ മാത്രം ലോകത്തിനു മുന്നിൽ കേരളം നന്നാകും. അതിനുവേണ്ടി ബ്രഹ്മപുരത്തു കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും. കിണറുകൾ റീചാർജ് ചെയ്യാനുള്ള പദ്ധതി ഓരോ വീട്ടിലും നടപ്പിലാക്കണമെന്നും കെ.ടി.ജലീൽ പറഞ്ഞു. മനോരമ ഓൺലൈൻ - അസെറ്റ് ഹോംസ് ചുറ്റുവട്ടം അവാർഡ് സീസൺ–3 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്കരണ പ്രവർത്തനം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു ചുറ്റുവട്ടം അവാർഡ് സീസൺ–3 വെബ്സൈറ്റ് പ്രകാശനം നിർവഹിച്ചു മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിഎസ്എസ്‌സി മുൻ ഡയറക്ടറുമായ എം.സി.ദത്തൻ പറഞ്ഞു. മാലിന്യ നിർമാർജന പ്ലാന്റ് നിർമാണത്തെ പിന്നോട്ടടിക്കുന്നത് ആക്‌ഷൻ കൗൺസിലുകളുടെ രൂപീകരണമാണ്. മാലിന്യ നിർമാർജന പ്ലാന്റിന്റെ ശാസ്ത്രീയ പ്രവർത്തനം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. സുൽത്താൻ ബത്തേരി പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരമാകുമെന്നാണു പ്രതീക്ഷ. ഇനി വരുന്ന പ്ലാന്റുകൾ വിളപ്പിൽശാല മോഡലല്ലെന്നു സുൽത്താൻ ബത്തേരി പ്ലാന്റിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തും. കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്. മാലിന്യം കൊണ്ടുപോകാനുള്ള വാഹനത്തിനു പ്രത്യേക നിറവും ജിപിഎസ് സംവിധാനവും ലൈസൻസും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം, മുക്കാൽ ലക്ഷം, അരലക്ഷം രൂപ വീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയുമാണ് ആദ്യ മൂന്നു സ്ഥാനക്കാർക്കു നൽകുന്നത്. പ്രധാന സമ്മാനങ്ങൾക്കൊപ്പം ഏഴു സോണൽ വിജയികൾക്കു പ്രത്യേക സമ്മാനവും ലഭിക്കും. റജിസ്ട്രേഷനുള്ള ഫ്ളാറ്റുകൾക്കും റസിഡന്റ്സ് അസോസിയേഷനുകൾക്കുമാണു മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. വിവരങ്ങൾക്കും റജിസ്ട്രേഷനും www.chuttuvattom.com സന്ദർശിക്കുക.

മലയാള മനോരമ അസി. എഡിറ്റർ വർഗീസ് സി.തോമസ്, മനോരമ ഓൺലൈൻ കണ്ടന്റ് കോഓർഡിനേറ്റർ ജോവി എം.തേവര, അസറ്റ് ഹോംസ് എംഡി സുനിൽകുമാർ, കഴിഞ്ഞവർഷത്തെ വിജയികളായ കണ്ണൂർ എടച്ചേരി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.