ഭരണാനുകൂല സംഘടനയ്ക്കെതിരെ മൽസരിക്കുന്ന പൊലീസുകാരെ മാറ്റി

തൃശൂർ∙ പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭരണാനുകൂല സംഘടനയ്ക്കെതിരെ മൽസരിക്കുന്നതിന്റെ പേരിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറെ തിരഞ്ഞെടുപ്പിനു രണ്ടു ദിവസം മുൻപു സ്ഥലം മാറ്റിയെന്ന് ആക്ഷേപം.

ഇന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ പൊലീസ് അക്കാദമിയിൽനിന്നു മൽസരിക്കുന്ന എം.എ.നസീറിനെ സ്ഥലം മാറ്റി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഇടുക്കിയിലേക്കാണു സ്ഥലം മാറ്റം. അഞ്ചു കൊല്ലം അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയായിരുന്നു നസീർ. എട്ടു കൊല്ലമായി ഇവിടെ തുടരുന്നയാളാണ് എന്ന കാരണം പറഞ്ഞാണു മാറ്റിയത്. എന്നാൽ, 15 വർഷത്തിലേറെയായി ഇവിടെ തുടരുന്നവരുണ്ട്.

നസീർ‌ വിജയിക്കുമെന്ന ഭീതിയിലാണു മാറ്റം എന്നാണ് ആരോപണം. സ്ഥലംമാറ്റ ഉത്തരവ് കിട്ടിയ ആൾക്കുവേണ്ടി മറ്റു പൊലീസുകാർ വോട്ട് ചെയ്യില്ല എന്നതാണു തിരക്കിട്ടുള്ള സ്ഥലംമാറ്റത്തിന്റെ കാരണം. അക്കാദമിയിൽ ആറു സീറ്റുകളിൽ അഞ്ചു സീറ്റുകളിലേക്കും മൽസരമുണ്ട്. ടെലികമ്യൂണിക്കേഷൻസിൽ മൽസരിക്കുന്ന ബിജു എന്ന സിവിൽ പൊലീസ് ഓഫിസറെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റി ഉത്തരവിറക്കിയതും പകപോക്കലാണെന്ന് ആക്ഷേപമുണ്ട്.

എട്ടു മാസം മുൻപു വന്ന സ്ഥാനക്കയറ്റ ഉത്തരവ് പിടിച്ചുവച്ച ശേഷം ബിജു മൽസര രംഗത്തേക്കിറങ്ങിയപ്പോൾ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം നടപ്പാക്കുകയാണെന്നാണ് ആരോപണം. ടെലികമ്യൂണിക്കേഷൻസിൽ ഒറ്റ സീറ്റേ ഉള്ളൂ. ഈ രണ്ടു പേരും വിജയിച്ചാൽ ഭരണാനുകൂല സംഘടനയ്ക്ക് ക്ഷീണമായേക്കും. തോൽവി മുൻകൂട്ടി കണ്ടാണു സ്ഥലംമാറ്റങ്ങളെന്നാണ് ആരോപണം.